ലോകകപ്പ് യാഥാർത്ഥ്യം ആക്കാൻ ആയി ഖത്തർ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം അറിയിച്ചു ജർമ്മൻ ബുണ്ടസ് ലീഗ ക്ലബുകളുടെ ആരാധകർ. ബയേൺ മ്യൂണിക്, ബൊറൂസിയ ഡോർട്ട്മുണ്ട് അടക്കം ജർമ്മനിയിലെ ഏതാണ്ട് എല്ലാ ക്ലബുകളുടെ ആരാധകരും തങ്ങളുടെ വിയോജിപ്പ് പരസ്യമാക്കി. നേരത്തെ തന്നെ ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെ വലിയ പ്രതിഷേധം പല കോണിൽ നിന്നും ഉയർന്നിരുന്നു.
‘5,760 മിനിറ്റുകളുടെ ഫുട്‌ബോളിനു ആയി 15,000 ജീവനുകൾ നഷ്ടമാക്കി, shame on you’ എന്നിങ്ങനെ അടക്കം എഴുതിയ വലിയ ബാനറുകളുമായി ആണ് ആരാധകർ മത്സരം കാണാൻ ജർമ്മനിയിൽ എത്തിയത്. വലിയ വിഭാഗം കുടിയേറ്റ തൊഴിലാളികൾ ഖത്തറിൽ ലോകകപ്പ് സ്റ്റേഡിയം പണിയിൽ അടക്കം ഏർപ്പെട്ടപ്പോൾ മരിച്ചത് ആയി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നത് ആണ് എന്നു മറുപടി പറയുന്ന ഖത്തർ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ട്. ഖത്തറിന്റെയും ഫിഫയുടെയും ഇത്തരം പ്രവർത്തികളിൽ പ്രതിഷേധിച്ച് ലോകകപ്പ് കിരീടം നേടിയ ജർമ്മൻ ക്യാപ്റ്റൻ ഫിലിപ്പ് ലാം അടക്കം പലരും തങ്ങൾ ഖത്തറിലേക്ക് ഇല്ല എന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു.