കിരീട മോഹവുമായി എത്തുന്ന ബ്രസീലും കറുത്ത കുതിരകൾ ആയി മാറിയ സൗത്ത് കൊറിയയും അവസാന എട്ടിലേക്ക് കണ്ണ് നട്ട് കളത്തിലേക്ക്. 2002ലാണ് ഒടുവിൽ സൗത്ത് കൊറിയ ലോകകപ്പ് ക്വർട്ടറിലേക്ക് മുന്നേറുന്നത്. അന്ന് സ്വന്തം മണ്ണിലും ജപ്പാനിലും ആയി നടന്ന ടൂർണമെന്റിലെ ചാമ്പ്യന്മാരായ ബ്രസീലിനെ അടുത്ത മത്സരത്തിൽ ഖത്തറിൽ നേരിടാൻ ഒരുങ്ങുമ്പോൾ ഏഷ്യൻ ടീമിന് കയ്യിലുള്ളത് മികച്ച സ്ക്വാഡും അടങ്ങാത്ത പോരാട്ട വീര്യവും. ബ്രസീൽ ആവട്ടെ മികച്ച ഫോമിലാണ്. കാമറൂണിനോട് തോൽവി നേരിട്ടെങ്കിലും വിശ്രമം ലഭിച്ച മുൻനിരക്കാരും പരിക്ക് മാറി എത്തുന്ന നെയ്മറും കൂടി ചേരുന്നതോടെ സാമ്പാ താളം പൂർവാധികം ശക്തി പ്രാപിക്കും.
നെയ്മറുടെ മടങ്ങി വരവ് തന്നെയാണ് ബ്രസീൽ ക്യാമ്പിലെ ഏറ്റവും വലിയ വാർത്ത. പരിക്കേറ്റ് രണ്ടു ഗ്രൂപ് മത്സരങ്ങൾ നഷ്ടമായ താരത്തിന്റെ തിരിച്ചു വരവ് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല. അതേ സമയം മുൻനിര കൂടുതൽ ഫോമിലേക്ക് ഉയരേണ്ടതുണ്ട്. മുന്നേറ്റ താരങ്ങളെ കുത്തി നിറച്ചു ടിറ്റെ കൊണ്ടു വന്ന ടീമിന് ഓരോ ഗോൾ മാത്രമാണ് അവസാന രണ്ടു മത്സരങ്ങളിൽ നേടാൻ ആയത്. ഗബ്രിയേൽ ജീസസ് പരിക്ക് മൂലം ഇറങ്ങിയേക്കില്ല എന്നതും തിരിച്ചടി ആണ്. പതിവിൽ നിന്നും വിപരീതമായി പ്രതിരോധം ആണ് ഇത്തവണ ബ്രസീലിന്റെ കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരേയൊരു ഗോൾ മാത്രമാണ് ടീം വഴങ്ങിയത്. മർക്വിന്നോസും തിയാഗോ സിൽവയും മിലിറ്റാവോയും അണിനിരക്കുന്ന പ്രതിരോധത്തെ കടന്നാലും അലിസനെയും മറികടക്കുന്നത് ശ്രമകരം തന്നെ.
പോരാട്ട വീര്യമാണ് കൊറിയയുടെ കരുത്ത്. സോണിന്റെ പ്രകടനത്തിൽ മുന്നേറുമെന്ന് കരുതിയ ടീമിലെ ഓരോ താരങ്ങളും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് ഇതുവരെ കണ്ടത്. പോർച്ചുഗലിനെതിരെ അവസാന നിമിഷം നേടിയ ഗോൾ ടീമിന്റെ പോരാട്ട വീര്യം മുഴുവൻ വിളിച്ചോതുന്നതായിരുന്നു. സൂപ്പർ താരം സോണും അവസരത്തിനൊത്തുയർന്നു. മത്സരത്തിൽ വിജയ ഗോൾ നേടിയ ഹ്വാങ് മുഴുവൻ ഫിറ്റ്നസ് വീണ്ടെടുതതോടെ ബ്രസീലിനെതിരെ ആദ്യ ഇലവനിലും എത്തിയേക്കും.
കാങ് ഇൻ ലീയും ചോ ഗ്വെ-സങും അടക്കമുള്ള താരങ്ങൾ കൂടി ഫോമിലേക്ക് ഉയർന്നാൽ ഇരുപത് വർഷങ്ങൾക്ക് മറ്റൊരു നോകൗട്ട് കൂടി സാധ്യമാകും എന്ന പ്രതീക്ഷയിലാണ് സൗത്ത് കൊറിയ. ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച പുലർച്ചെ 12.30 സ്റ്റേഡിയം 974 ൽ വെച്ചാണ് മത്സരം നടക്കുന്നത്.