എന്റമ്മോ!!! ഡെന്മാർക്കിന്‌ മടക്ക ടിക്കറ്റ് നൽകി ഓസ്‌ട്രേലിയ ലോകകപ്പ് പ്രീക്വാർട്ടറിൽ

Australia

 

ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഡിയിൽ എല്ലാവരെയും ഞെട്ടിച്ചു ഓസ്‌ട്രേലിയ അവസാന പതിനാറിൽ. ലോകകപ്പിൽ പലരും വലിയ സാധ്യത കൽപ്പിച്ച യൂറോപ്യൻ വമ്പന്മാർ ആയ ഡെന്മാർക്കിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് ആണ് ഓസ്‌ട്രേലിയ ഫ്രാൻസിന് ഒപ്പം രണ്ടാം സ്ഥാനക്കാർ ആയി ഗ്രൂപ്പിൽ നിന്നു മുന്നേറിയത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് തോറ്റ ഓസ്‌ട്രേലിയ ടുണീഷ്യക്ക് പിന്നാലെ ഡെന്മാർക്കിനെയും വീഴ്ത്തിയാണ് അവസാന പതിനാറിൽ എത്തിയത്. ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. ഫ്രാൻസ് ടുണീഷ്യയോട് അവസാന മത്സരത്തിൽ തോറ്റതോടെ ഗോൾ വ്യത്യാസത്തിൽ മാത്രമാണ് ഓസ്‌ട്രേലിയ ഫ്രാൻസിന് പിന്നിൽ രണ്ടാം സ്ഥാനക്കാർ ആയത്.

ഡെന്മാർക്ക് പന്ത് കൈവശം വക്കുന്നതിൽ മുന്നിട്ട് നിന്ന മത്സരത്തിൽ ആദ്യ പകുതിയിൽ മെഹലെയുടെയും ജെൻസന്റെയും മികച്ച ശ്രമങ്ങൾ ഓസ്‌ട്രേലിയൻ ഗോൾ കീപ്പർ മാറ്റ് റയാൻ തടഞ്ഞു. ഇടക്ക് ഡാനിഷ് പ്രതിരോധം പരീക്ഷിച്ച ഓസ്‌ട്രേലിയ രണ്ടാം പകുതിയിൽ വിജയഗോൾ കണ്ടത്തി. റൈലി മക്ഗ്രീയുടെ പാസിൽ നിന്നു 60 മത്തെ മിനിറ്റിൽ അതുഗ്രൻ സോളോ ഗോളിലൂടെ മാത്യു ലെക്കി ഓസ്‌ട്രേലിയക്ക് സ്വപ്നജയം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി ഡാനിഷ് താരങ്ങൾ പരിശ്രമിച്ചു എങ്കിലും ഓസ്‌ട്രേലിയൻ പ്രതിരോധം ഗോൾ വഴങ്ങിയില്ല. ഗ്രൂപ്പ് സിയിലെ ഒന്നാം സ്ഥാനക്കാരെ ആവും ഓസ്‌ട്രേലിയ അവസാന പതിനാറിൽ നേരിടുക.