ഖത്തറിലെ സൂപ്പർ പോരാട്ടങ്ങളിൽ ഒന്നിന് കളമൊരുങ്ങുമ്പോൾ കളത്തിന് പുറത്തെ കളികളിലും തന്ത്രങ്ങളിലും വിരുതനായ ലൂയിസ് വാൻഗാലിന്റെ ഓറഞ്ചു പടയും, ഏതു തന്ത്രങ്ങളെയും തന്റെ അമാനുഷിക നീക്കങ്ങൾ കൊണ്ട് വിഫലമാക്കുന്ന ലയണൽ മെസ്സിയുടെ അർജന്റീനയും ലോകകപ്പിലെ രണ്ടാം ക്വർട്ടർ മത്സരത്തിൽ ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചു കൊമ്പുകോർക്കും.
മത്സരത്തിന് മുന്നോടിയായി വാൻഹാൽ ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു. മെസ്സി നിർണായക നീക്കങ്ങൾ നടത്തുമെങ്കിലും പ്രതിരോധത്തിൽ സംഭാവന ചെയ്യാത്തത് തങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന നെതർലന്റ്സ് കോച്ചിന്റെ വാക്കുകൾക്ക് പക്ഷെ കളത്തിൽ മറുപടി നൽകാനുള്ള ഒരുക്കത്തിൽ ആവും മെസ്സി.
ടീമെന്ന നിലയിൽ അതി ശക്തരാണ് ഡച്ച് പട. യുവതാരം ഗാക്പോയും ടീമിന്റെ നീക്കങ്ങൾക്ക് ചരടുവലിക്കുന്ന മെംഫിസ് ഡീപെയും ചേരുന്ന മുൻ നിരയിൽ തുടങ്ങുന്നു ടീമിന്റെ ശക്തി. ഇരു പാർശ്വങ്ങളിലുടേയും എത്തുന്ന വിങ്ബാക്കുകൾ ആയ ഡാലി ബ്ലിന്റും ഡെംഫ്രൈസും മധ്യനിരയിൽ ഡിയോങ്ങും ക്ലാസനും കൂടി ചേരുമ്പോൾ വാൻഗാലിന്റെ കളത്തിലെ കരുക്കൾ എല്ലാം പൂർണമാകും. ബെർഹ്വിനും കൂപ്മേയിനെഴ്സും ബെഞ്ചിൽ നിന്നും ടീമിന് കരുത്തു പകരാൻ എത്തും.
വാൻ ഡൈക്ക് അടക്കം പ്രതിരോധത്തിൽ കരുത്തരുടെ നിര തന്നെയാണ് ഡച്ച് ടീമിന് ഉള്ളത്. എന്നാൽ വിങ്ങുകളിലൂടെ എതിരാളികൾ ഇരച്ചെത്തുന്നത് ടീമിന് തലവേദനയാണ്. അമേരികക്കെതിരെയും ഈ പ്രശ്നം ദൃശ്യമായിരുന്നു. പല തവണ ഗോളിനടുത്ത് എത്തിയ യുഎസ്എയെ പോലെ അർജന്റീനക്കെതിരെയും വീഴ്ച്ച വരുത്തിയാൽ അതിന് വലിയ വില തന്നെ ആവും വാൻ ഹാലും സംഘവും നൽകേണ്ടി വരിക.
തകർന്ന് പോയിടത്തു നിന്നും ഫീനിക്സ് പക്ഷിയെ പോലെയാണ് അർജന്റീനയുടെ വരവ്. സൗദിക്കെതിരെ വഴങ്ങിയ തോൽവിയിക്ക് ശേഷം മെക്സിക്കോ, പോളണ്ട്, ഓസ്ട്രേലിയ എന്നിവരെ വീഴ്ത്താൻ അവർക്കായി. വമ്പൻ ഫോമിൽ അല്ല ടീം കളിക്കുന്നത് എങ്കിലും മെസ്സിയുടെ മായാജാലം ടീമിനെ എങ്ങനെ മാറ്റി മറിക്കുമെന്ന് ഓസ്ട്രേലിയക്കെതിരായ മത്സരം അടിവരയിടുന്നുണ്ട്. മരിച്ചു കളിച്ചും വിജയം നേടാൻ ടീം പുറത്തെടുത്ത ആർജവം മാനസികമായും വലിയ ഊർജമാണ് നീലപ്പടക്ക് നൽകുക. ഡി പോൾ ഒറ്റക്ക് പരിശീലനം നടത്തുന്നത് ആരാധകർക്ക് ചെറിയ ആശങ്ക നൽകുന്നുണ്ടെങ്കിലും താരം ആദ്യ ഇലവനിൽ തന്നെ കളത്തിൽ എത്തിയേക്കും.
മുന്നേറ്റത്തിൽ ഒരിക്കൽ കൂടി ലൗട്ടാരോ മാർട്ടിനസ് ബെഞ്ചിൽ ഇരിക്കുമ്പോൾ ഹുലിയൻ അൽവാരസ് കളത്തിൽ എത്തും. ഡെംഫ്രൈസും ബ്ലിന്റും അക്രമണത്തിന് ഇറങ്ങുമ്പോൾ ഒഴിച്ചിട്ടു പോകുന്ന നെതർലന്റ്സിന്റെ വിങ്ങുകൾ മുതലെടുക്കാൻ സ്കലോണി തന്ത്രങ്ങൾ മെനയുന്നുണ്ടാകും. ഡി മരിയയും ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. പ്രതിരോധത്തിൽ ഒരിക്കൽ കൂടി ഒട്ടാമേന്റിയേയും റൊമേറോയേയും അണിനിരത്തും. പോസ്റ്റിന് കീഴിൽ മാർട്ടിനസിന്റെ വിശ്വസ്ത കരങ്ങൾ കൂടി ആവുമ്പോൾ വിജയം നേടി കിരീടത്തിലേക്ക് ഒരു ചുവട് കൂടി അടുക്കാം എന്നാവും മെസ്സിയും സംഘവും കണക്ക് കൂട്ടുന്നത്.
ഇന്ത്യൻ സമയം ശനിയാഴ്ച്ച പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുന്നത്.