നോക്കൗട്ടിന്റെ ചൂടിലേക്ക്; സോക്കറൂസിനെ സഞ്ചിയിലാക്കാൻ അർജന്റീന

Nihal Basheer

Picsart 22 12 03 00 15 39 299
Download the Fanport app now!
Appstore Badge
Google Play Badge 1

തിരുത്തലുകൾക്ക് അവസരമില്ലാത്ത ലോകകപ്പ് നോക്ഔട്ടിന്റെ പോരുകൾ ആരംഭിക്കുമ്പോൾ അർജന്റീനക്ക് എതിരാളികൾ ഓസ്‌ട്രേലിയ. തുടക്കം പിഴച്ചെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ എത്തുന്ന മെസ്സിയും സംഘവും ഇനിയൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകില്ല. വരും ഘട്ടങ്ങളിൽ കരുത്തരെ നേരിടേണ്ടതിനാൽ അതിനുള്ള ഊർജവും സമാഹരിക്കേണ്ട ആവശ്യം നീലപ്പടക്കുണ്ട്. ഡെന്മാർക്കും ഫ്രാൻസും അടങ്ങിയ ഗ്രൂപ്പിൽ നിന്നും അപ്രതീക്ഷിതമായി എത്തുന്ന ഓസ്‌ട്രേലിയ ആവട്ടെ, തങ്ങളുടെ മുന്നേറ്റം ഭാഗ്യം മാത്രമല്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ്.

Picsart 22 12 03 00 16 11 123

ഒരിക്കലും എഴുത്തള്ളാൻ സാധിക്കാത്ത ടീമാണ് നിലവിൽ ഓസ്‌ട്രേലിയ. കറുത്ത കുതിരകൾ ആവാൻ ഏവരും സാധ്യത കൽപ്പിച്ച ഡെന്മാർക്കിനെ കെട്ടുകെട്ടിച്ചാണ് അവർ എത്തുന്നത്. കീപ്പർ മാത്യു റ്യാന്റെ ഫോമും മുൻ നിരയിൽ മിഷേൽ ഡ്യൂക്കും മധ്യനിരയിൽ ലെക്കിക്കും ഗുഡ്വിനും ഒപ്പം കളിമെനയാൻ പരിചയ സമ്പന്നനായ ആരോൺ മൂയ് കൂടി എത്തുമ്പോൾ ഒരു കൈനോക്കാൻ തന്നെയാവും സൂക്കറൂസിന്റെ പദ്ധതി.

Picsart 22 12 03 00 16 29 028

ആത്മവിശ്വാസത്തിലാണ് അർജന്റീന. ആദ്യ മത്സരത്തിൽ നേരിട്ട തോൽവിയുടെ എല്ലാ കളങ്കങ്ങളും പോളണ്ടിനെതിരായ മത്സരത്തിൽ കഴുകിക്കളയാൻ സാധിച്ചു. പക്ഷെ ഇനിയൊരു അബദ്ധം സംഭവിച്ചാൽ മടങ്ങി വരവ് അസാധ്യമെന്നും ടീം തിരിച്ചറിയുന്നുണ്ടാവും. ഗോൾ കണ്ടെത്തുന്ന മാക് അലിസ്റ്ററിന്റെ ഫോമും എൻസോയും അക്യുണയും കൂടെ ഹുലിയൻ അൽവാരസ് തന്റെ പ്രതിഭ പുറത്തെടുത്തു തുടങ്ങിയതും ടീമിന് പുതിയ ഊർജം പകരുന്നുണ്ട്. നായകൻ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുക്കാൻ ഇവർക്ക് സാധിച്ചാൽ അർജന്റീനയെ പിടിച്ചു കെട്ടാൻ ഓസ്ട്രേലിയ പാടുപെടും.

കഴിഞ്ഞ മത്സരത്തിൽ നിന്നും കാര്യമായ മാറ്റങ്ങൾ സ്കലോണി തുനിഞ്ഞേക്കില്ല. ലീസാണ്ട്രോ മാർട്ടിനസ് പ്രതിരോധത്തിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 12.30നാണ് മത്സരം ആരംഭിക്കുന്നത്.