2026ലെ ഫിഫ ലോകകപ്പ് ഇതുവരെ നടന്ന ലോകകപ്പുകളെക്കാൾ ഒക്കെ വലുതാകും. മെസ്കിക്കോ, കാനഡ, അമേരിക്ക എന്നി രാജ്യങ്ങൾ ചേർന്ന് ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ 48 ടീമുകൾ ആകും പങ്കെടുക്കുക. ഫിഫയുടെ 32 ടീം ലോകകപ്പ് എന്നത് 2026ഓടെ മാറാനിരിക്കുകയാണ്. 48 ടീമുകൾ വരുന്നതോടെ കൂടുതൽ രാജ്യങ്ങൾക്ക് ടൂർണമെന്റിന്റെ ഭാഗമാകാനും ആകും ഒപ്പം കൂടുതൽ രാജ്യങ്ങളിലെ ഫുട്ബോൾ ശക്തമാകാനും ഫിഫയുടെ ഈ നീക്കം കാരണമാകും.
12 ഗ്രൂപ്പുകൾ അടുത്ത ലോകകപ്പിൽ ഉണ്ടാകും. 4 ടീമുകൾ ഉള്ള 12 ഗ്രൂപ്പുകൾ. ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരും ഒപ്പം 8 മികച്ച മൂന്നാം സ്ഥാനക്കാരും നോക്കൗട്ട് റൗണ്ടിലേക്ക് കടക്കും. റൗണ്ട് ഓഫ് 16 എന്നതിന് പകരം റൗണ്ട് ഓഫ് 32 ആയാകും നോക്കൗട്ട് ആരംഭിക്കുക. 5 നോക്കൗട്ട് മത്സരങ്ങൾ കഴിഞ്ഞ് മാത്രമെ ഇനി ഒരു ടീമിന് കിരീടത്തിൽ മുത്തമിടാൻ ആവുകയുള്ളൂ.
104 മത്സരങ്ങൾ അടുത്ത ലോകകപ്പിൽ നടക്കും. 16 വേദികളിലായാകും മത്സരങ്ങൾ നടക്കുക. മത്സരങ്ങൾ കൂടുതൽ ആയതു കൊണ്ട് തന്നെ പല റെക്കോർഡുകളും തകരുന്ന ലോകകപ്പ് കൂടിയാകും അടുത്തത്.