എഫ് എ കപ്പിന്റെ മൂന്നാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. ഇന്ന് ഏക ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. അത്ര മികച്ച പ്രകടനം നടത്തിയല്ല യുണൈറ്റഡ് ഇന്ന് വിജയിച്ചത്.
ഇന്ന് ഓൾഡ്ട്രാഫോഡിൽ മികച്ച ഫുട്ബോൾ മത്സരമാണ് തുടക്കത്തിൽ കാണാൻ കഴിഞ്ഞത്. തുടക്കം മുതൽ ഇരു ടീമുകളും അറ്റാക്കിൽ ഊന്നിയാണ് കളിച്ചത്. എട്ടാം മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തു. ഫ്രെഡ് നൽകിയ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ മക്ടോമിനെ ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്.
ഇതിനു ശേഷം മഗ്ഗിനിന്റെ ഷോട്ടിൽ നിന്ന് ഒരു ഡിഹിയയുടെ സേവും വാറ്റ്കിൻസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടി മടങ്ങുന്നതും കാണാൻ ആയി. ആസ്റ്റൺ വില്ല ഒരു ഭാഗത്ത് അറ്റാക്ക് നടത്തുമ്പോൾ മറുവശത്ത് യുണൈറ്റഡും അവസരങ്ങൾ സൃഷ്ടിച്ചു. കവാനിയുടെയും ഷോയുടെയും ഗോളെന്ന് ഉറച്ചുള്ള ഷോട്ടുകൾ മാർട്ടിനസ് സേവ് ചെയ്യുന്നത് കാണാൻ ആയി.
രണ്ടാം പകുതി മികച്ച രീതിയിൽ തുടങ്ങിയത് ആസ്റ്റൺ വില്ലയാണ്. അവർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇങ്സിലൂടെ സമനില കണ്ടെത്തി. റഫറി ഗോൾ വിധിച്ചു എങ്കിലും ബിൽഡ് അപ്പിലെ ഒരു ഫൗൾ കാരണം ആ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ വാറ്റ്കിൻസും ഗോൾ നേടി എങ്കിലും അത് ഓഫ് സൈഡായും മാറി. 65ആം മിനുട്ടിൽ കാഷിന്റെ ഒരു ഷോട്ട് ഡി ഹിയ സേവ് ചെയ്തു. ആസ്റ്റൺ വില്ലയുടെ ആക്രമങ്ങൾ എല്ലാൻ മറികടന്ന് യുണൈറ്റഡ് അവസാനം വിജയം കണ്ടെത്തി. അടുത്ത റൗണ്ടിൽ മിഡിൽസ്ബ്രോയെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക.