വിവാദ ഗോളുകളുടെ പിൻബലത്തിൽ രണ്ടു ഗോളിന് പിറകിൽ നിന്നതിന് ശേഷം മൂന്ന് ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. സ്വാൻസി സിറ്റിയെയാണ് മാഞ്ചസ്റ്റർ സിറ്റി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സ്വാൻസി മുൻപിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി ജയം സ്വന്തമാക്കുകയായിരുന്നു.
ഗ്രിംസിന്റെ പെനാൽറ്റിയിലൂടെയാണ് സ്വാൻസി ആദ്യം ഗോൾ നേടിയത്. തുടർന്ന് സെലീനയുടെ ഗോളിൽ സ്വാൻസി രണ്ടാമതും മാഞ്ചസ്റ്റർ സിറ്റി ഗോൾ വല കുലുക്കി. തുടർന്ന് രണ്ടാം പകുതിയിലാണ് ബെർണാണ്ടോ സിൽവയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ തിരിച്ചുവരവ് തുടങ്ങിയത്. സ്റ്റെർലിംഗിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി അഗ്വേറൊ എടുക്കുകയും പോസ്റ്റിൽ തട്ടിയ പന്ത് സ്വാൻസി ഗോൾ കീപ്പറുടെ ദേഹത്ത് തട്ടി സെൽഫ് ഗോളാവുകയുമായിരുന്നു.സ്റ്റെർലിംഗിനെതിരായ ഫൗൾ പെനാൽറ്റി വിധിക്കാൻ മാത്രം ഇല്ലായിരുന്നെങ്കിലും റഫറി പെനാൽറ്റി വിളിക്കുകയായിരുന്നു.
തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ അഗ്വേറൊ മാഞ്ചസ്റ്റർ സിറ്റിയുടെ തിരിച്ച് വരവ് പൂർത്തിയാക്കുകയായിരുന്നു. അഗ്വേറൊ നേടിയ ഗോൾ ഓഫ് സൈഡ് പൊസിഷനിൽ നിന്ന് ആയിരുന്നു എന്ന് വ്യക്തമായിരുന്നെങ്കിലും മത്സരത്തിൽ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഇല്ലാത്തത് സ്വാൻസിക്ക് തിരിച്ചടിയാവുകയായിരുന്നു.