മറ്റൊരു എഫ്.എ കപ്പ് സെമിയിലേക്ക് മുന്നേറി മാഞ്ചസ്റ്റർ സിറ്റി, എവർട്ടണിനെ തകർത്തു പാലസും സെമിയിൽ

എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിൽ സൗതാപ്റ്റണിനെ തകർത്തു മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു സീസണിൽ മൂന്നു കിരീടങ്ങൾ ലക്ഷ്യം വക്കുന്ന സിറ്റിയുടെ ജയം. മത്സരത്തിൽ ജീസസിന്റെ പാസിൽ നിന്നു സ്റ്റർലിങിലൂടെ പന്ത്രണ്ടാം മിനിറ്റിൽ ഗോൾ നേടിയ സിറ്റി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ ആദ്യ പകുതിക്ക് മുമ്പ് ലപോർട്ടയുടെ സെൽഫ് ഗോൾ സിറ്റിക്ക് തിരിച്ചടിയായി. എന്നാൽ രണ്ടാം പകുതിയിൽ സിറ്റി ശക്തമായി മത്സരത്തിൽ തിരിച്ചു വന്നു.

ജീസസ് നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട കെവിൻ ഡി ബ്രുയിന 62 മത്തെ മിനിറ്റിൽ സിറ്റിയെ വീണ്ടും മത്സരത്തിൽ മുന്നിലെത്തിച്ചു. 75 മത്തെ മിനിറ്റിൽ ഫിൽ ഫോഡനും 78 മത്തെ മിനിറ്റിൽ റിയാദ് മാഹ്രസും നേടിയ ഗോളുകളിൽ സിറ്റി ജയം പൂർത്തിയാക്കുക ആയിരുന്നു. അതേസമയം എവർട്ടണിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്തു ക്രിസ്റ്റൽ പാലസും സെമിയിലേക്ക് മുന്നേറി. മാർക് ഗുഹെയ്‌, മറ്റെറ്റ, സാഹ, ഹ്യൂഗ്സ് എന്നിവർ ആണ് പാലസിന്റെ ഗോളുകൾ നേടിയത്. ലമ്പാർഡിന്റെ ടീമിന് മേൽ വമ്പൻ ജയം നേടിയ വിയേരയുടെ ടീം സ്വപ്ന വെംബ്ലി സെമിഫൈനൽ ഉറപ്പിച്ചു.