എഫ്.എ കപ്പ് സെമി ഫൈനലിലേക്ക് മുന്നേറി ലിവർപൂൾ. ക്വാർട്ടർ ഫൈനലിൽ മുൻ ജേതാക്കൾ ആയ ആഴ്സണൽ, ലെസ്റ്റർ സിറ്റി ടീമുകളെ അട്ടിമറിച്ചു എത്തിയ നോട്ടിങ്ഹാം ഫോറസ്റ്റ് മികച്ച പോരാട്ടം ആണ് ലിവർപൂളിന് നൽകിയത്. സലാഹ്, മാനെ, അലക്സാണ്ടർ അർണോൾഡ്, റോബർട്ട്സൺ അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയെങ്കിലും ശക്തമായ നിരയും ആയാണ് ലിവർപൂൾ കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ ആധിപത്യം പുലർത്തിയെങ്കിലും ഗോൾ കണ്ടത്താൻ ലിവർപൂളിന് ആയില്ല.
നന്നായി പ്രതിരോധിച്ചു നിന്ന ഫോറസ്റ്റ് ഇടക്ക് ലിവർപൂൾ പ്രതിരോധത്തെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിൽ 78 മത്തെ മിനിറ്റിൽ ആണ് ഫോറസ്റ്റിന്റെ ഹൃദയം തകർത്ത ഗോൾ പിറന്നത്. സിമിക്കാസിന്റെ ക്രോസിൽ നിന്നു വലത് കാലൻ അടിയിലൂടെ ഗോൾ കണ്ടത്തിയ ഡീഗോ ജോട്ട ലിവർപൂളിന് സെമിഫൈനലിൽ ഇടം കണ്ടത്തി നൽകി. തോറ്റെങ്കിലും തല ഉയർത്തിയാണ് ഫോറസ്റ്റ് താരങ്ങൾ കളം വിട്ടത്. സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ലിവർപൂളിന്റെ എതിരാളികൾ.