അസിസ്റ്റുകളും ആയി കെയിൻ, ഗോളുകളും ആയി സോൺ! വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു ടോട്ടൻഹാം ലീഗിൽ അഞ്ചാമത്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്ന ടോട്ടൻഹാം ഹോട്സ്പർ ലണ്ടൻ ഡാർബിയിൽ വെസ്റ്റ് ഹാമിനെ 3-1 നു തോൽപ്പിച്ചു. നിർണായക മത്സരത്തിൽ തങ്ങളുടെ മൈതാനത്ത് ജയം കാണാൻ ആയ സ്പെർസ് ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു ലീഗിൽ അഞ്ചാം സ്ഥാനത്ത് എത്തി. തോൽവിയോടെ ഏഴാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ ഇതോടെ മങ്ങി. ആദ്യ പകുതിയിൽ ഒമ്പതാം മിനിറ്റിൽ തന്നെ ടോട്ടൻഹാം മത്സരത്തിൽ മുന്നിലെത്തി. വെസ്റ്റ് ഹാം പ്രതിരോധം നൽകിയ പന്ത് പിടിച്ചെടുത്ത ടോട്ടൻഹാം സൃഷ്ടിച്ച അവസരത്തിൽ കർട്ട് സൗമ സെൽഫ് ഗോൾ നേടുക ആയിരുന്നു. ഹാരി കെയിന്റെ പാസ് സൗമയുടെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. തുടർന്ന് 24 മത്തെ മിനിറ്റിൽ ഹാരി കെയിൻ മനോഹരമായ പാസിലൂടെ സൃഷ്ടിച്ച അവസരത്തിൽ നിന്നു ഗോൾ കണ്ടത്തിയ സോൺ സ്പെർസിന് രണ്ടാം ഗോളും സമ്മാനിച്ചു.

ടോട്ടൻഹാം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ 35 മത്തെ മിനിറ്റിൽ വെസ്റ്റ് ഹാം ഒരു ഗോൾ തിരിച്ചടിച്ചു. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ക്രെയിഗ് ഡോസന്റെ ഹെഡറിൽ നിന്നു ലഭിച്ച പന്ത് സെയ്ദ് ബെൻറാഹ്മയാണ് വെസ്റ്റ് ഹാമിന്റെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ ആണ് ടോട്ടൻഹാം സൃഷ്ടിച്ചത്. ഇടക്ക് വെസ്റ്റ് ഹാമും അവസരങ്ങൾ തുറന്നു. മത്സരത്തിൽ 88 മത്തെ മിനിറ്റിൽ ഹാരി കെയിന്റെ ഹെഡർ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സോൺ ടോട്ടൻഹാമിന്റെ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ നിലവിൽ നാലാമതുള്ള ആഴ്‌സണലിനെക്കാൾ മൂന്നു പോയിന്റ് പിറകിൽ അഞ്ചാമത് ആണ് ടോട്ടൻഹാം.