കഴിഞ്ഞ ദിവസം യൂറോപ്പിലെ വമ്പൻ ടീമുകൾ ചേർന്ന് പ്രഖ്യാപിച്ച യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുക്കുന്നതിന്റെ പേരിൽ യുവേഫക്ക് താരങ്ങളെ വിലക്കാൻ കഴിയില്ലെന്ന് റയൽ മാഡ്രിഡ് പ്രസിഡന്റും യൂറോപ്യൻ സൂപ്പർ ലീഗിന്റെ മുഖ്യ സൂത്രധാരനുമായ ഫ്ലോരെന്റിനോ പെരസ്. യൂറോപ്യൻ സൂപ്പർ ലീഗിൽ പങ്കെടുത്താൽ താരങ്ങളെ ലോകകപ്പിലും നിന്നും യൂറോ കപ്പിലും നിന്നും വിലക്കുമെന്ന യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു പെരസ്.
ഫുട്ബോളിനെ രക്ഷിക്കാൻ വേണ്ടിയാണ് തങ്ങൾ യൂറോപ്യൻ സൂപ്പർ ലീഗിന് തുടക്കം കുറിച്ചതെന്നും ഫുട്ബോളിന്റെ നിലനിൽപിന് ഇത് ആവശ്യമാണെന്നും പെരസ് പറഞ്ഞു. യൂറോപ്പിലെയും സ്പെയിനിലെയും വമ്പൻ ക്ലബികൾ നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ റയൽ മാഡ്രിഡിന്റെ നഷ്ട്ടം 400 മില്യൺ ആണെന്നും പെരസ് പറഞ്ഞു. ടെലിവിഷൻ സംപ്രേഷണത്തിലൂടെ മാത്രം വരുമാനം വരുന്ന ഈ സമയത് കൂടുതൽ മികച്ച മത്സരങ്ങൾ ഒരുക്കി വരുമാനം കൂട്ടുക മാത്രമാണ് വഴിയെന്നും പെരസ് കൂട്ടിച്ചേർത്തു. 2020ൽ തന്നെ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനാണ് ശ്രമം എന്നും പെരസ് പറഞ്ഞു.