യൂറോപ്പ ലീഗ് യോഗ്യത റൗണ്ടിലെ രണ്ടാം പാദ മത്സരത്തിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സിന് വൻ വിജയം. ഇന്ന് എവേ ഗ്രൗണ്ടിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ നോർത്തേൺ അയർലണ്ട് ക്ലബായ ക്രുസേഡേർസ് എഫ് സിയെ വോൾവ്സ് വൻ സ്കോറിൽ തന്നെ പരാജയപ്പെടുത്തി. വോൾവ്സിന്റെ ആധിപത്യം കണ്ട മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു നുനോയുടെ ടീമിന്റെ വിജയം.
ആദ്യ പാദത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വോൾവ്സ് വിജയിച്ചിരുന്നു. ഇതോടെ അഗ്രിഗേറ്റിൽ 6-1ന്റെ വിജയം വോൾവ്സ് സ്വന്തമാക്കി. വോൾവ്സിനായി ഇന്ന് റൗൾ ജിമിനസ് ഇരട്ട ഗോളുകൾ നേടി. ബെന്നെട്ടിന്റെ സ്ട്രൈക്കും പിന്നെ ഒരു സെൽഫ് ഗോളുമാണ് വോൾവ്സിന്റെ ഗോൾപട്ടിക പൂർത്തിയാക്കിയത്. നാൽപ്പതു വർഷത്തിനു ശേഷം ഒരു യൂറോപ്യൻ യോഗ്യത ആണ് വോൾവ്സ് ലക്ഷ്യമിടുന്നത്. ഇനി മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിൽ വോൾവ്സ് കളിക്കേണ്ടതുണ്ട്. അവിടെ അർമേനിയൻ ക്ലബായ എഫ് സി പ്യൂനിക് ആയിരിക്കും വോൾവ്സിന്റെ എതിരാളികൾ.