യൂറോപ്പ ലീഗ് ആദ്യപാദ മത്സരത്തിൽ ജപ്പാൻ താരം ഡെയ്ചി കമാദയുടെ ഹാട്രിക് മികവിൽ ഓസ്ട്രിയൻ ക്ലബ് ആർ.ബി സാൽസ്ബർഗിനെ തകർത്ത് ജർമ്മൻ ക്ലബ് ഫ്രാങ്ക്ഫർട്ട്. ആക്രമണ ഫുട്‌ബോൾ കണ്ട മത്സരത്തിൽ ഫ്രാങ്ക്ഫർട്ട് 17 ഷോട്ടുകൾ ഉതിർത്തപ്പോൾ 11 എണ്ണം ആണ് സാൽസ്ബർഗ് ഉതിർത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 12 മിനിറ്റിൽ ഗോൾ കണ്ടത്തിയ കമാദ 43 മിനിറ്റിൽ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53 മിനിറ്റിൽ തന്റെ ഹാട്രിക് പൂർത്തിയാക്കിയ ജപ്പാൻ താരം ജർമ്മൻ ടീമിന്റെ ജയം ഉറപ്പിച്ചു. വലത്, ഇടത് കാലുകളിലൂടെയും ഹെഡറിലൂടെയും ലക്ഷ്യം കണ്ട കമാദ പെർഫറ്റ് ഹാട്രിക് ആണ് നേടിയത്.
തുടർന്നു 56 മിനിറ്റിൽ കോസ്റ്റിക്കിലൂടെ നാലാം ഗോളും നേടിയ ജർമ്മൻ ടീം ആദ്യപാദത്തിൽ വ്യക്തമായ ആധിപത്യം സ്വന്തമാക്കി. എന്നാൽ രണ്ടാം പാദത്തിൽ പ്രതീക്ഷക്ക് വക നൽകി 85 മിനിറ്റിൽ ലഭിച്ച പെനാൽട്ടി സാൽസ്ബർഗിനായി ലക്ഷ്യം കണ്ടു ഹീ ചാൻ ചാങ്. അതേസമയം മറ്റൊരു മത്സരത്തിൽ ഉക്രൈൻ ക്ലബ് ശാക്തർ പോർച്ചുഗീസ് ക്ലബ് ബെനിഫിക്കയെ 2-1 നു തോൽപ്പിച്ചു. അലൻ പാട്രിക്,കൊവലങ്കോ എന്നിവർ ശാക്തറിനായി ലക്ഷ്യം കണ്ടപ്പോൾ പെനാൽട്ടിയിലൂടെ ലിസ്സി ആണ് ബെനിഫിക്കക്ക് നിർണായകമായ അവേ ഗോൾ സമ്മാനിച്ചത്.













