യൂറോപ്യൻ അരങ്ങേറ്റത്തിൽ ആർട്ടറ്റെക്ക് ജയം സമ്മാനിച്ച് സാക്കയും ലാക്കയും

- Advertisement -

യൂറോപ്പ ലീഗിൽ ഒളിമ്പിയാക്കോസിന് എതിരായ ആദ്യപാദ മത്സരത്തിൽ ആഴ്‌സണലിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് ആണ് ഏതൻസിൽ ആഴ്‌സണൽ ജയിച്ച് കയറിയത്. സീസണിൽ ഇത് ആദ്യമായാണ് സ്വന്തം മൈതാനത്ത് ഗ്രീക്ക് ടീം ഗോൾ കണ്ടത്താതിരിക്കുന്നത്. വളരെ ശക്തമായ ടീമിനെയാണ് തന്റെ ആദ്യ യൂറോപ്യൻ മത്സരത്തിൽ പരിശീലകൻ ആർട്ടറ്റെ കളത്തിൽ ഇറക്കിയത്. ഇരു ടീമുകളും ഏതാണ്ട് സമാനമായ പ്രകടനം ആണ് മത്സരത്തിൽ പുറത്ത് എടുത്തത്. ആദ്യ പകുതി മുതൽ പലപ്പോഴും ആഴ്‌സണലിന് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പരിചയസമ്പന്നനായ ഫ്രഞ്ച് താരം വാൾബെനയുടെ നേതൃത്വത്തിൽ ഗ്രീക്ക് ടീമിന് സാധിച്ചു. എന്നാൽ ആഴ്‌സണൽ ഗോൾ കീപ്പർ ലെനോയുടെ മികവ് ഗോൾ വഴങ്ങുന്നതിൽ നിന്ന് ആഴ്‌സണലിനെ രക്ഷിച്ചു.

രണ്ടാം പകുതിയിൽ ഗ്രീക്ക് ടീമിന് ആക്രമണത്തിൽ ചെറിയ ആധിപത്യം നേടാൻ ആയി. എന്നാൽ അവസരങ്ങൾ ഒന്നും ലക്ഷ്യം കാണാൻ അവർക്ക് ആയില്ല. ഇതിനിടയിൽ മത്സരത്തിന്റെ 81 മിനിറ്റിൽ ഒബമയാങ് നൽകിയ പന്ത് മനോഹരമായ ഒരു ക്രോസിലൂടെ ലാക്കസറ്റെയിലേക്ക് മറിച്ച് നൽകിയ ആഴ്‌സണലിന്റെ 18 കാരൻ ഇടത് ബാക്ക് സാക്ക മത്സരത്തിന്റെ ഗതി മാറ്റി. പന്ത് വലയിലേക്ക് തിരിച്ച് വിട്ട ലാക്ക തുടർച്ചയായ മത്സരങ്ങളിൽ ഗോൾ കണ്ടത്തി. സാക്കയുടെ മികവ് ആയിരുന്നു ഗോളിൽ കണ്ടത്. ആഴ്‌സണലിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരം ആയ സാക്കയുടെ ഒമ്പതാം അസിസ്റ്റ് ആയിരുന്നു ഇത്. ഗോൾ നേടിയ ശേഷം ലഭിച്ച ലാക്കയുടെ മികച്ച ഷോട്ട് ഗോൾകീപ്പർ രക്ഷിച്ചപ്പോൾ, സെബയോസിന്റെ കോർണറിൽ നിന്നുള്ള സോക്രട്ടീസിന്റെ ഹെഡർ ബാറിൽ തട്ടി മടങ്ങി. ലീഡ് നൽകിയ ആത്മവിശ്വാസവുമായി ആഴ്‌സണൽ അടുത്ത ആഴ്ച എമിറേറ്റ്‌സിൽ രണ്ടാം പാദ മത്സരത്തിനു ഇറങ്ങുക.

Advertisement