യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു ബയേർ ലെവർകുസൻ. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ബെറ്റിസ് മുന്നിട്ട് നിന്നെങ്കിലും നിരവധി അവസരങ്ങൾ ഒന്നിന് പിറകെ ഒന്നായി തുറന്ന ജർമ്മൻ ടീം വമ്പൻ ജയം നേടുക ആയിരുന്നു. ഗോൾ രഹിതമാവും എന്നു കരുതിയ ആദ്യ പകുതിയുടെ 42 മത്തെ മിനിറ്റിൽ ഫ്ലോറിയാൻ റിറ്റ്സിന്റെ പാസിൽ നിന്നു മൂസ ഡിയാബിയാണ് ലെവർകുസനു ആദ്യ ഗോൾ സമ്മാനിക്കുന്നത്. തുടർന്ന് രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ഡിയാബി തന്റെ രണ്ടാം ഗോളും നേടി ടീമിന്റെ മുൻതൂക്കം ഇരട്ടിയാക്കുന്നു.
86 മത്തെ മിനിറ്റിൽ ഡിയാബി നൽകിയ പാസിൽ നിന്നു ഗോൾ കണ്ടത്തിയ റിറ്റ്സ് ജർമ്മൻ ടീമിന് മൂന്നാം ഗോളും സമ്മാനിക്കുന്നു. തുടർന്ന് 90 മത്തെ മിനിറ്റിൽ ഒരിക്കൽ കൂടി അസിസ്റ്റ് നൽകുന്ന ഡിയാബി ജർമ്മൻ ടീമിന് വമ്പൻ ജയം ഉറപ്പാക്കുന്നു. ഇത്തവണ നദീം അമീരിയാണ് ബെറ്റിസ് വല കുലുക്കിയത്. അവസാന നിമിഷങ്ങളിൽ പരസ്പരം കൈയേറ്റം ചെയ്ത ബെറ്റിസിന്റെ നബീൽ ഫെകിർ ലെവർകുസന്റെ ഡമിർബേ എന്നിവർക്ക് റഫറി ചുവപ്പ് കാർഡ് നൽകുന്നതും മത്സരത്തിൽ കാണാനായി. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്‌കോട്ടിഷ് ക്ലബ് സെൽറ്റിക് 3-2 ന്റെ നിർണായക ജയം കണ്ടത്തി. നിലവിൽ ഗ്രൂപ്പിൽ 10 പോയിന്റുകളുമായി ലെവർകുസൻ ഒന്നാമതും 7 പോയിന്റുകളുമായി ബെറ്റിസ് രണ്ടാമതും 6 പോയിന്റുകളുമായി സെൽറ്റിക് മൂന്നാമതും ആണ്.