ഹാരി കെയ്ൻ ഹാട്രിക്ക്, സെവനപ്പ് പ്രകടനവുമായി സ്പർസ്

Newsroom

ടോട്ടനവും ഹാരി കെയ്നും മികച്ച ഫോമിലാണ്. രണ്ട് ദിവസത്തിനിടയിൽ രണ്ട് മത്സരങ്ങൾ കളിക്കേണ്ടി വന്നെങ്കിലും ആ ക്ഷീണം ഒന്നും സ്പർസിന്റെ യൂറോപ്പ ലീഗ് പ്ലേ ഓഫ് മത്സരത്തിൽ കണ്ടില്ല. ഇന്നലെ ഇസ്രയേൽ ക്ലബായ മകാബി ഹൈഫെയെ നേരിട്ട സ്പർസ് അടിച്ചു കൂട്ടിയത് ഏഴു ഗോളുകൾ ആണ്. 7-2ന്റെ വിജയവും ക്ലബ് സ്വന്തമാക്കി. ഹാട്രിക്ക് ഗോളുകളുമായി ഹാരി കെയ്ൻ തന്നെയാണ് താരമായി മാറിയത്.

രണ്ടാം മിനുട്ടിൽ ഗോളടി തുടങ്ങിയ കെയ്ൻ 55, 74, മിനുട്ടുകളിലെ ഗോളുകളോടെ തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. അർജന്റീനൻ താരം ലൊ സെൽസോ ഇരട്ട ഗോളുകളുമായും ഇന്നലെ തിളങ്ങി. ലൂകാസ് മോറ, ഡെലെ അലി എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഈ വിജയത്തോടെ സ്പർസ് യൂറോപ്പ ലീഗ് യോഗ്യത ഉറപ്പിച്ചു. സീസണിലെ ആദ്യ മത്സരത്തിൽ എവർട്ടണോട് പരാജയപ്പെട്ടതിനു ശേഷം ഒരു മത്സരത്തിൽ പോലും മൗറീനോയുടെ ടീം പരാജയപ്പെട്ടിട്ടില്ല. ഇനി അടുത്ത മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് ജോസെയ്ക്ക് നേരിടേണ്ടത്.