തിരിച്ചു വന്നു ജയം കണ്ടു സോഫിയ കെനിൻ, സബലങ്കയും മുഗുരുസയും മൂന്നാം റൗണ്ടിൽ

20201002 085258
- Advertisement -

ഫ്രഞ്ച് ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡ് അമേരിക്കൻ താരം സോഫിയ കെനിൻ. ബെൽജിയം താരം അന്ന ബോഗ്ഡനു എതിരെ ആദ്യ സെറ്റ് 6-3 നു നഷ്ടമായ ശേഷം ആയിരുന്നു കെനിൻ രണ്ടാം റൗണ്ടിൽ ജയം കണ്ടത്. 4 തവണ സർവീസ് ബ്രൈക്ക് വഴങ്ങിയ കെനിൻ 6 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-3 നു രണ്ടാം സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തിയ കെനിൻ 6-2 നു മൂന്നാം സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിക്കുക ആയിരുന്നു. അതേസമയം മറ്റൊരു അമേരിക്കൻ താരവും ഇരുപത്തി ഒമ്പതാം സീഡുമായ സ്ലോലെന സ്റ്റീഫൻസ് ടൂർണമെന്റിൽ നിന്നു പുറത്ത് ആയി. സ്പാനിഷ് താരം പൗള ബഡോസയോട് 6-4, 4-6, 6-2 എന്ന സ്കോറിന് ആണ് സ്റ്റീഫൻസ് തോൽവി വഴങ്ങിയത്.

സീഡ് ചെയ്യാത്ത റഷ്യൻ താരം ഡാറിയ കസറ്റ്കിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് എട്ടാം സീഡ് ആര്യാന സബലങ്ക ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റിൽ തുടർച്ചയായി ബ്രൈക്ക് വഴങ്ങിയ സബലങ്ക ടൈബ്രേക്കറിലൂടെയാണ് ഈ സെറ്റ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ എതിരാളിക്ക് ഒരു പോയിന്റ് പോലും നൽകാതിരുന്ന സബലങ്ക 6-0 നു സെറ്റ് നേടി മത്സരം സ്വന്തം പേരിലാക്കി. ചെക് റിപ്പബ്ലിക് താരം ക്രിസ്റ്റീന പ്ലിസ്കോവയെ 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് 11 സീഡ് സ്പാനിഷ് താരം ഗബ്രിൻ മുഗുരുസ തകർത്തത്. ഇരു സെറ്റുകളിലും ആയി രണ്ടു വീതം ബ്രൈക്കുകൾ നേടിയ മുഗുരുസ മത്സരം അനായാസം കയ്യിലാക്കി.

Advertisement