യൂറോപ്പ ലീഗിൽ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ജോസെ മൗറീന്യോയുടെ എ. എസ് റോമക്ക് തോൽവി. ബൾഗേറിയൻ ജേതാക്കൾ ആയ ലുഡോഗോററ്റ്സ് റാസ്‌ഗ്രാഡ് ആണ് മൗറീന്യോയുടെ ടീമിന് തുടർച്ചയായ രണ്ടാം മത്സരത്തിലും തോൽവി സമ്മാനിച്ചത്. കഴിഞ്ഞ ലീഗ് മത്സരത്തിൽ തകർന്നടിഞ്ഞ റോമ ശക്തമായ ടീമും ആയി കളിക്കാൻ ഇറങ്ങിയത്. കൂടുതൽ നേരം പന്ത് കൈവശം വച്ചതും അവസരങ്ങൾ സൃഷ്ടിച്ചതും അവർ തന്നെയായിരുന്നു. 72 മത്തെ മിനിറ്റിൽ ജേക്കുബ് പിയോട്രോവ്സ്കിയുടെ പാസിൽ നിന്നു കൗലി റോമയെ ഞെട്ടിച്ചു.
തുടർന്ന് സമനിലക്ക് ആയുള്ള റോമയുടെ ശ്രമങ്ങൾ 86 മത്തെ മിനിറ്റിൽ ഫലം കണ്ടു. ലോറൻസോ പെല്ലെഗ്രിനിയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ പകരക്കാരനായി ഇറങ്ങിയ എൽഡോർ ഷോമുറോഡോവ് ഇറ്റാലിയൻ ക്ലബിന് സമനില സമ്മാനിച്ചു. എന്നാൽ രണ്ടു മിനിറ്റിനുള്ളിൽ വീണ്ടും റോമ ഗോൾ വഴങ്ങി. റിക്കിന്റെ പാസിൽ നിന്നു പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം നൊനാറ്റോയാണ് ബൾഗേറിയൻ ടീമിന് സ്വപ്ന ജയം സമ്മാനിച്ചത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ എച്ച്.ജെ.കെ ഹെൽസിങ്കിയെ റയൽ ബെറ്റിസ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. വില്യം ഹോസെയുടെ ഇരട്ടഗോളുകൾ ആണ് സ്പാനിഷ് ടീമിന് ജയം സമ്മാനിച്ചത്.