യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 32ലെ ആദ്യ പാദ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില. ഇന്ന് ബെൽജിയത്തിൽ വെച്ച് ക്ലബ് ബ്ബ്രൂഷിനെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിട്ടത്. മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു. വിരസമായ മത്സരത്തിൽ ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. ബ്രൂണോ ഫെർണാണ്ടസ്, ഫ്രെഡ്, ഡിഹിയ എന്നിവരെ ഒന്നും ആദ്യ ഇലവനിൽ ഇറക്കാതെ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയത്.
മത്സരത്തിന്റെ 15ആം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് ബൊണവെഞ്ചുറിലൂടെ ക്ലബ് ബ്രൂഷ് ആണ് മുന്നിൽ എത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസും ഗോൾ കീപ്പറും തമ്മിലുള്ള ധാരണ പിഴവ് ബൊണവെഞ്ചുർ മുതലാക്കുക ആയിരുന്നു. 36ആം മിനുട്ടിൽ മറ്റൊരു ഡിഫൻസീവ് പിഴവ് മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനിലയും നൽകി. ബ്രൂഷ് എടുത്ത ത്രോ കൈക്കലാക്കി ഒറ്റയ്ക്ക് കുതിച്ച് ആയിരുന്നു മാർഷ്യൽ സമനില ഗോൾ നേടിയത്.
അടുത്ത ആഴ്ച മാഞ്ചസ്റ്ററിൽ വെച്ച് ഇരു ക്ലബുകളും വീണ്ടും ഏറ്റുമുട്ടും.