ഈ സീസണിൽ യൂറോപ്യൻ ഫുട്ബോൾ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ മത്സരങ്ങളിൽ ഒന്നിനാകും ഇന്ന് ക്യാമ്പ്നു സാക്ഷ്യം വഹിച്ചത്. ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും ഒന്നിനു പിറകെ ഒന്നായി അറ്റാക്ക് നടത്തിയ യൂറോപ്പ ലീഗ് മത്സരം 2-2 എന്ന സമനിലയിലാണ് അവസാനിച്ചത്.
ഇന്ന് ക്യാമ്പ്നുവിൽ നല്ല തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ലഭിച്ചത്. അവർ തന്നെ ആയിരുന്ന്യ് ആദ്യ പകുതിയിൽ മികച്ചു നിന്നത്. ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് വെഗോർസ്റ്റിലൂടെ യുണൈറ്റഡിന് ഒരു സുവർണ്ണാവസരം തുടക്കത്തിൽ തന്നെ ലഭിച്ചു. അത് പക്ഷെ ടെർ സ്റ്റേഗൻ സമർത്ഥമായി തടഞ്ഞിട്ടു. ഇതിനു ശേഷം മാർക്കസ് റാഷ്ഫോർഡിന്റെ ഒരു മികച്ച ഷോട്ടും ടെർ സ്റ്റേഗൻ തടയുന്നത് കാണാൻ ആയി.
മറുവശത്ത് ഡി ഹിയയും രണ്ട് നല്ല സേവുകൾ ആദ്യ പകുതിയിൽ നടത്തി. ലെവൻഡോസ്കിയുടെ ഷോട്ടും ആൽബയുടെ ഷോട്ടും ആണ് ഡി ഹിയ തടഞ്ഞത്. ആദ്യ പകുതിയിൽ പെഡ്രിയെ പരിക്ക് കാരണം നഷ്ടമായത് ബാഴ്സലോണക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ സാഞ്ചോക്ക് യുണൈറ്റഡ് ലീഡ് നൽകാൻ അവസരം കിട്ടി എങ്കിലും താരത്തിന് ലക്ഷ്യം കാണാൻ ആയില്ല. നിമിഷങ്ങൾക്ക് അപ്പുറം ഒരു കോർണറിൽ നിന്ന് ബാഴ്സലോണ ലീഡ് എടുത്തു. മാർകോ അലോൺസോയാണ് ഒർ ഹെഡറിലൂടെ ഡി ഹിയയെ കീഴ്പ്പെടുത്തിയത്. മൂന്ന് മിനുട്ട് മാത്രമെ ബാഴ്സലോണയുടെ ആ ലീഡ് നീണ്ടു നിന്നുള്ളൂ. മാർക്കസ് റാഷ്ഫോർഡിലൂടെ യുണൈറ്റഡ് ഗോൾ മടക്കി. നിയർ പോസ്റ്റിൽ ടെർ സ്റ്റേഗനെ പരാജയപ്പെടുത്തുകയായിരുന്നു. റാഷ്ഫോർഡിന്റെ ഈ സീസണിലെ 22ആം ഗോളായിരുന്നു ഇത്.
59ആം മിനുട്ടിൽ യുണൈറ്റഡ് ബാഴ്സലോണയെ ഞെട്ടിച്ച് ലീഡും എടുത്തു. ഒരു കോർണറിൽ നിന്ന് റാഷ്ഫോർഡ് കോർണർ ലൈനിലൂടെ നടത്തിയ ആക്സിലറേഷൻ ബാഴ്സലോണ ഡിഫൻസിനെ ഞെട്ടിച്ചു. റാഷ്ഫോർഡിന്റെ അപകടകരമായ ഒരു ബോൾ കൗണ്ടയുടെ ദേഹത്ത് തട്ടി സെൽഫ് ഗോളായി. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1 ബാഴ്സലോണ. കളി ഇവിടെയും തീർന്നില്ല.
റാഫിഞ്ഞയുടെ ഒരു ലോംഗ് ക്രോസ് 76ആം മിനുട്ടിൽ നേരെ വലയിലേക്ക് പോയി. സ്കോർ 2-2. പിന്നെ രണ്ട് ടീമിൽ നിന്നും വിജയ ഗോളിനായുള്ള തുടർ ശ്രമങ്ങൾ കാണാൻ ആയി. ഡി ഹിയയുടെ ഒരു സേവ് യുണൈറ്റഡിനെ രക്ഷിച്ചു. ഇതിനു ശേഷം ഒരു ഗോൾ ലൈൻ ക്ലിയറൻസും ഡി ഹിയയുടെ മറ്റൊരു ലോകോത്തര സേവും യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി.
മാഞ്ചസ്റ്ററിൽ നടക്കുന്ന രണ്ടാം പാദ മത്സരം ഫെബ്രുവരി 23നാകും നടക്കുക.ഇന്നത്തെ ഫലം രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുൻതൂക്കം നൽകും.