യൂറോപ്പ ലീഗിൽ ലോഫ്റ്റസ് ചീകിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ ബാറ്റിനെതിരെ ചെൽസിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം. തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് ചെൽസി മത്സരം ജയം നേടിയത്.
മത്സരം തുടങ്ങി 8 മിനിറ്റ് ആവുന്നതിനു മുൻപ് തന്നെ ബാറ്റ് വലയിൽ രണ്ട് ഗോളടിച്ച് ചെൽസി മത്സരത്തിന്റെ നിയന്ത്രണം സ്വന്തമാക്കി. രണ്ടു തവണയും ഗോൾ നേടിയത് ലോഫ്റ്റസ് ചീക് തന്നെയായിരുന്നു. തുടർന്നും ആദ്യ പകുതിയിൽ മത്സരത്തിൽ വ്യക്തമായ ആധിപത്യം പുലർത്തിയ ചെൽസിക്ക് മറ്റൊരു ഗോൾ നേടാനായിരുന്നില്ല.
എന്നാൽ രണ്ടാം പകുതിയിൽ ലോഫ്റ്റസ് ചീക് തന്റെ ഹാട്രിക് പൂർത്തിയാക്കി. തുടർന്നും ലോഫ്റ്റസ് ചീകും ജിറൂദും ബാറ്റ് ഗോൾ മുഖം ആക്രമിച്ചെങ്കിലും ബാറ്റ് ഗോൾ പോസ്റ്റിനു മുമ്പിൽ ഷെർബിറ്റ്സ്കിയുടെ പ്രകടനം തടസമായി. തുടർന്നാണ് റിയോസിലൂടെ ബാറ്റ് തങ്ങളുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.
ജയത്തോടെ ചെൽസി നോക്ഔട്ട് യോഗ്യത ഏകദേശം ഉറപ്പ് വരുത്തി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ എല്ലാ മത്സരങ്ങളും ജയിച്ച ചെൽസി 9 പോയിന്റോടെ ഗ്രൂപ്പിൽ ഒന്നാമതാണ്. ഗ്രൂപ്പിൽ ബാക്കിയുള്ള മൂന്ന് ടീമുകൾക്കും 3 പോയിന്റ് വീതമാണ് ഉള്ളത്.