ഫ്രഞ്ച് ഡിഫൻഡർ ലോറന്റ് കൊഷേൽനി നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം പരിക്ക് മാറി എത്തി. ഇന്നലെ യൂറോപ്പ ലീഗിൽ ക്യാരബാഗിനെതിരെയാണ് കൊഷേൽനി കളത്തിൽ ഇറങ്ങിയത്. ആഴ്സണൽ വിജയിച്ച മത്സരത്തിൽ 70 മിനുട്ടോളം താരം കളിച്ചു. കഴിഞ്ഞ സീസൺ അവസാനം യൂറോപ്പ ലീഗ് സെമി ഫൈനലിൽ ആഴ്സ്ണലിനു വേണ്ടി കളിക്കുന്നതിനിടെ ഏറ്റ പരിക്കാണ് ഇത്രയും കാലം കൊഷേൽനിയെ പുറത്ത് ഇരുത്തിയത്.
225 ദിവസത്തോളം ആണ് താരം കളം വിട്ടു നിക്കേണ്ടി വന്നത്. ലോകകപ്പിൽ ഫ്രാൻസിന്റെ സെന്റർ ബാക്കായി കളിക്കേണ്ടിയിരുന്ന താരത്തിന് ലോകകപ്പ് ഉൾപ്പെടെ ഈ പരിക്ക് കാരണം നഷ്ടപ്പെട്ടിരുന്നു. കണങ്കാലിന് ഏറ്റ പരിക്കേൽ നിന്ന് താരം പൂർണ്ണമായും മുക്തമായിരിക്കുകയാണ്. ഇപ്പോൾ തന്നെ മികച്ച ഫോമിലുള്ള ആഴ്സണലിന് വലിയ ഊർജ്ജമാകും കൊഷേൽനിയുടെ തിരിച്ചുവരവ്.