യൂറോപ്പ ലീഗിൽ ലാസിയോക്ക് തോൽവി, സമനില വഴങ്ങി മാഴ്‌സെ

യുഫേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇ മത്സരത്തിൽ പരാജയം നേരിട്ട് സാരിയുടെ ലാസിയോ. തുർക്കി ക്ലബ് ആയ ഗലാസ്റ്ററയ് ആണ് ഇറ്റാലിയൻ ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചത്. ഏതാണ്ട് തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ 66 മിനിറ്റിൽ ഗോൾ കീപ്പർ തോമസ് സ്ട്രകോഷ വഴങ്ങിയ സെൽഫ് ഗോൾ ആണ് ഇറ്റാലിയൻ ടീമിന് പരാജയം സമ്മാനിച്ചത്. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ 10 പേരായി ചുരുങ്ങിയ റഷ്യൻ ക്ലബ് ലോക്കോമോടീവ് മോസ്‌കോ ഫ്രഞ്ച് ക്ലബ് മാഴ്‌സയെ സമനിലയിൽ തളച്ചു.

മത്സരത്തിൽ 76 ശതമാനം സമയം പന്ത് കൈവശം വച്ചിട്ടും 14 ഷോട്ടുകൾ ഉതിർത്തിട്ടും മാഴ്‌സക്ക് മത്സരത്തിൽ ജയം കാണാൻ ആയില്ല. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി രണ്ടാം പകുതിയിൽ 59 മിനിറ്റിൽ ലക്ഷ്യം കണ്ട തുർക്കി താരം ചെങ്കിസ് ഉണ്ടർ ആണ് മാഴ്‌സക്ക് മത്സരത്തിൽ മുൻതൂക്കം നൽകിയത്. ഈ ഫൗളിന് രണ്ടാം മഞ്ഞ കാർഡ് കണ്ട മോസ്‌കോ താരം തികിൻസ്യാൻ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയി. അവസാന 30 മിനിറ്റ് 10 പേരായി കളിക്കേണ്ടി വന്നിട്ടും 89 മിനിറ്റിൽ മത്സരത്തിന്റെ അവസാന നിമിഷം ഗോൾ നേടിയ ഫൗസിറ്റിനോ അഞ്ചിരിൻ മോസ്‌കോക്ക് സമനില സമ്മാനിക്കുക ആയിരുന്നു.