തിരിച്ചു വന്നു 7 ഗോൾ ത്രില്ലർ ജയിച്ചു റയൽ ബെറ്റിസ്, തിരിച്ചു വന്നു ജയം കണ്ടു ലെവർകുസനും

യുഫേഫ യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ജിയിൽ 7 ഗോൾ ത്രില്ലർ മത്സരം ജയിച്ചു സ്പാനിഷ് ക്ലബ് റയൽ ബെറ്റിസ്. സ്‌കോട്ടിഷ് വമ്പന്മാർ ആയ സെൽറ്റിക്കിന്‌ എതിരെ 27 മിനിറ്റിൽ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ബെറ്റിസ് 4-3 ന്റെ ത്രില്ലർ ജയം പിടിച്ചെടുത്തത്. 13 മിനിറ്റിൽ ജോട്ടയുടെ പാസിൽ നിന്നു അൽബിയൻ അജറ്റിയാണ് സെൽറ്റിക്കിന്‌ ആദ്യ ഗോൾ സമ്മാനിക്കുന്നത്. ആദ്യം അനുവദിക്കാത്ത ഗോൾ ‘വാർ’ പരിശോധനക്ക് ശേഷമാണ് അനുവദിച്ചത്. 27 മിനിറ്റിൽ അജറ്റിയെ ബെറ്റിസ് ഗോൾ കീപ്പർ ക്ലൗഡിയോ ബ്രാവോ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ജോസിപ് ജുറനോവിച്ച് സെൽറ്റിക്കിന്‌ രണ്ടാം ഗോളും സമ്മാനിച്ചു. എന്നാൽ 32, 34 മിനിറ്റുകളിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച ബെറ്റിസ് മത്സരത്തിൽ വേഗത്തിൽ ഒപ്പമെത്തി. നബിൽ ഫെക്കിറിന്റെ പാസിൽ ആദ്യം യുവാൻ മിരാണ്ടയും തുടർന്ന് യുനാന്മിയും ആണ് ബെറ്റിസിന്റെ ഗോളുകൾ നേടുന്നത്. ബോർഹ ഇഗലിയാസ് ആയിരുന്നു രണ്ടാം ഗോൾ ഒരുക്കിയത്.

രണ്ടാം പകുതിയിൽ 50 മിനിറ്റിൽ സെർജിയോയുടെ പാസിൽ ബോർഹ ബെറ്റിസിന്റെ മൂന്നാം ഗോളും സമ്മാനിച്ചു. തുടർന്ന് മൂന്നു മിനിറ്റിനു അകം തന്റെ രണ്ടാം ഗോളോടെ ബെറ്റിസിന് യുനാന്മി നാലാം ഗോളും സമ്മാനിക്കുക ആയിരുന്നു. മത്സരത്തിൽ പന്തടക്കത്തിൽ അടക്കം മുൻതൂക്കം കാണിച്ച സെൽറ്റിക്കിന്‌ 87 മിനിറ്റിൽ ആന്റണിയിലൂടെ ഒരു ഗോൾ കൂടി മടക്കാൻ ആയെങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അതേസമയം ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ നോർവീജിയൻ ക്ലബ് ഫ്രൻസവറോസിയെ ജർമ്മൻ ക്ലബ് ബയേർ ലെവർകുസൻ 2-1 നു തോൽപ്പിച്ചു. എട്ടാം മിനിറ്റിൽ ഗോൾ വഴങ്ങിയ ജർമ്മൻ ക്ലബ് തിരിച്ചു വന്നാണ് ജയം കണ്ടത്. 37 മിനിറ്റിൽ പലാസിയോസിലൂടെ ഒപ്പമെത്തിയ അവർക്ക് 69 മിനിറ്റിലെ ഫ്ലോറിയാൻ റിറ്റ്സിന്റെ ഗോൾ ആണ് ജയം സമ്മാനിക്കുന്നത്.