യൂറോപ്പ ലീഗിൽ ബൊറുസിയ ഡോർട്ട്മുണ്ടിനെ തകർത്തെറിഞ്ഞ് റേഞ്ചേഴ്സ് എഫ്സി. രണ്ടിനെതിരെ നാല് ഗോളുകളുടെ വമ്പൻ ജയമാണ് റേഞ്ചേഴ്സ് സ്വന്തമാക്കിയത്. ജെയിംസ് ടാവെർനിയർ,ആൽഫ്രെഡോ മൊരെലെസ്, ജോൺ ലണ്ട്സ്ട്രാം എന്നിവർ റേഞ്ചേഴ്സിന് വേണ്ടി ഗോളടിച്ചപ്പോൾ ജൂഡ് ബെല്ലിംഗ്ഹാമും റാഫയേൽ ഗറേറൊയുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്റെ ആശ്വാസ ഗോളുകൾ നേടിയത്. ഡാൻ- ആക്സൽ സഗഡുവിന്റെ സെൽഫ് ഗോളും ബൊറുസിയ ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.
യൂറോപ്പ ലീഗ് പ്ലേ ഓഫിന്റെ ആദ്യപാദത്തിൽ യൂറോപ്യൻ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു റേഞ്ചേഴ്സ് തുടങ്ങിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡാണ് റേഞ്ചേഴ്സ് നേടിയത്. വാറിന്റെ സഹായത്തോടെ ആണ് സഗഡുവിന്റെ ഹാന്റ് ബോൾ റേഞ്ചേഴ്സിന് അനുകൂലമായത്. പെനാൽറ്റി എടുത്ത ക്യാപ്റ്റൻ ടാവർനിയറിന് പിഴച്ചില്ല. മൂന്ന് മിനുട്ടിന് ശേഷം ആൽഫ്രെഡോ മൊറലെസിലൂടെ രണ്ടാം ഗോളും റേഞ്ചേഴ്സ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലണ്ട്സ്ട്രാമിലൂടെ സ്കോട്ടിഷ് പ്രിമിയർഷിപ്പ് ചാമ്പ്യൻസായ റേഞ്ചേഴ്സ് ലീഡ് മൂന്നാക്കി. വൈകാതെ ജൂഡ് ബെല്ലിംഗ്ഹാമിലൂടെ ഡോർട്ട്മുണ്ട് ഗോൾ മടക്കി. എങ്കിലും റേഞ്ചേഴ്സിന് വാറിന്റെ സഹായം വീണ്ടും ലഭിച്ചപ്പോൾ ഡാൻ -ആക്സൽ സഗഡുവിന്റെ സെൽഫ് ഗോളും ചേർന്നു. എങ്കിലും 82ആം മിനുട്ടിൽ ഗറേറോയിലൂടെ ഡോർട്ട്മുണ്ട് രണ്ടാം ഗോളും നേടി. ബുണ്ടസ് ലീഗയിലെ രണ്ടാം സ്ഥാനക്കാരായ ബൊറുസിയ ഡോർട്ട്മുണ്ടിനെ വീഴ്ത്തി യൂറോപ്പ ലീഗിൽ വരവറിയിച്ചിരിക്കുകയാണ് റേഞ്ചേഴ്സ്.