യൂറോപ്പ ഫൈനൽ ഉറപ്പിക്കാൻ ചെൽസി ഇന്ന് ഫ്രാങ്ക്ഫർട്ടിനെതിരെ

Staff Reporter

യൂറോപ്പ ലീഗിന്റെ രണ്ടാം പാദ സെമി ഫൈനലിൽ സ്റ്റാംഫോർഡ് ബ്രിഡ്‌ജിൽ ചെൽസി ഇന്ന് ഫ്രാങ്ക്ഫർട്ടിനെ നേരിടും. ആദ്യ പാദത്തിൽ ഫ്രാങ്ക്ഫർട്ടിന്റെ ഗ്രൗണ്ടിൽ 1-1 ന് സമനില നേടിയതിന് ശേഷമാണു രണ്ടാം പാദത്തിൽ ചെൽസി ഫ്രാങ്ക്ഫർട്ടിനെ നേരിടുന്നത്. പ്രീമിയർ ലീഗിലെ ടോപ് ഫോർ ഉറപ്പിച്ചെങ്കിലും സീസണിൽ ഒരു കിരീടം തേടിയാണ് ചെൽസി പരിശീലകൻ മൗറിസിയോ സാരിയും സംഘവും ഇന്ന് സ്വന്തം കാണികൾക്ക് മുൻപിൽ ഇറങ്ങുന്നത്. ആദ്യ പാദത്തിൽ വിലപ്പെട്ട എവേ ഗോൾ സ്വന്തമാക്കിയ ചെൽസിക്ക് തന്നെയാണ് രണ്ടാം പാദത്തിൽ മുൻതൂക്കമെങ്കിൽ യൂറോപ്പിൽ ഈ സീസണിൽ നടന്ന തിരിച്ചുവരാവുകളുടെ കൂട്ടത്തിൽ ഒന്നും കൂടി എഴുതി ചേർക്കാൻ വേണ്ടിയാകും ജർമൻ ടീമായ ഫ്രാങ്ക്ഫർട്ട് ഇറങ്ങുക.

ചെൽസി നിരയിൽ കഴിഞ്ഞ മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങാതിരുന്ന ഏദൻ ഹസാർഡ് തുടക്കം മുതൽ തന്നെ കളിക്കുമെന്നാണ് കരുതപ്പെടുന്നത്. അതെ സമയം കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ കാന്റെയുടെ അഭാവം ചെൽസിക്ക് തിരിച്ചടിയാണ്. കൂടാതെ നേരത്തെ തന്നെ പരിക്കിന്റെ പിടിയിലായ റുഡിഗറും ഹഡ്സൺ ഒഡോയിയും ഇന്നത്തെ മത്സരത്തിൽ ചെൽസി നിരയിൽ ഉണ്ടാവില്ല. ഫ്രാങ്ക്ഫർട്ട് നിരയിൽ ഫോർവേഡ് അന്റെ റെബിച്ച് ടീമിൽ തിരിച്ചെത്തും. അതെ സമയം പരിക്ക് മൂലം സെബാസ്റ്റ്യൻ ഹെല്ലർ ഇന്ന് ഫ്രാങ്ക്ഫർട്ട് നിരയിൽ ഇറങ്ങില്ല.