ജയത്തോടെ യൂറോപ്പ ലീഗ് നോക്ഔട്ട് ഉറപ്പിച്ച് ചെൽസി

Staff Reporter

യൂറോപ്പ ലീഗിൽ ബാറ്റെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് ചെൽസി നോക്ഔട്ട് യോഗ്യത ഉറപ്പിച്ചു. പതിവിനു വിപരീതമായി മത്സരത്തിൽ ചെൽസിക്ക് വ്യക്തമായ ആധിപത്യം പുലർത്താനാവാതെ പോയ മത്സരത്തിൽ രണ്ടാം പകുതിയിൽ ജിറൂദ് നേടിയ ഗോളാണ് ചെൽസിക്ക് വിജയം നേടി കൊടുത്തത്. എമേഴ്സണിന്റെ ക്രോസിൽ നിന്ന് ഹെഡറിലൂടെയാണ് ജിറൂദ് ഗോൾ നേടിയത്. മൂന്ന് തവണ ബാറ്റെയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചത് ചെൽസിക്ക് തുണയാവുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെൽസിയെ പിടിച്ചു നിർത്തുന്ന പ്രകടനമാണ് ബാറ്റെ നടത്തിയത്. ആദ്യ 10 മിനുട്ടിൽ ചെൽസിക്ക് ഒരു അവസരവും നൽകായാണ് ബാറ്റെ കളിച്ചത്. തുടർന്ന് ആദ്യ പകുതിയിൽ ബാറ്റെയുടെ ശ്രമം പോസ്റ്റിൽ തട്ടി തെറിക്കുകയും ചെയ്യും.

എന്നാൽ രണ്ടാം പകുതിയിൽ പുതിയ ഊർജ്ജവുമായി ഇറങ്ങിയ ചെൽസി ജിറൂദിലൂടെ ഗോൾ നേടുകയായിരുന്നു. എന്നാൽ ഗോൾ വഴങ്ങിയിട്ടും ചെൽസിയെ വിറപ്പിക്കുന്ന പ്രകടനം പുറത്തെടുത്ത ബാറ്റെയുടെ രണ്ടു ശ്രമങ്ങൾ കൂടി പോസ്റ്റിൽ തട്ടി തെറിച്ചത് അവർക്ക് തിരിച്ചടിയായി. ഇഞ്ചുറി ടൈമിൽ ബാറ്റെയുടെ ശ്രമം ഭാഗ്യം കൊണ്ട് മാത്രമാണ് ഗോളാവാതെ പോയത്.