യൂറോപ്പ കിരീടം ഉറപ്പിക്കാൻ ചെൽസിയും ആഴ്‌സണലും

- Advertisement -

യൂറോപ്പ ലീഗിന്റെ ഫൈനൽ പോരാട്ടത്തിൽ ഇന്ന് പ്രീമിയർ ലീഗ് ക്ലബ്ബുകളായ ചെൽസിയും ആഴ്‌സണലും ഏറ്റുമുട്ടും. ബാകുവിലെ സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ ഈ സീസണിൽ മാത്രം പരിശീലക സ്ഥാനം ഏറ്റെടുത്ത സരിയുടെയും എമേറിയുടെയും ഭാവി തീരുമാനിക്കാൻ പോവുന്ന പോരാട്ടം കൂടിയാണ്. പ്രീമിയർ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ആഴ്‌സണലിന് അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ ഇന്ന് കിരീടം നേടിയേ തീരു. അതെ സമയം സമ്മിശ്രമായി അവസാനിച്ച ചെൽസിയുടെ സീസണിൽ ഒരു കിരീടത്തോടെ കൂടെ അവസാനിപ്പിക്കാനായാൽ സരിക്ക് അത് ആരാധകർക്കിടയിൽ പിന്തുണ വർദ്ധിപ്പിക്കും. അടുത്ത സീസണിന്റെ അവസാനത്തോടെ ചെൽസിയിൽ കരാർ അവസാനിക്കുന്ന ഹസാർഡിന്റെ ചെൽസിക്ക് വേണ്ടിയുള്ള അവസാന മത്സരമാവാനും സാധ്യതയുണ്ട് ഇന്നത്തെ മത്സരം. കിരീടത്തെ തന്റെ ചെൽസി കരിയർ അവസാനിപ്പിക്കാനാവും ഹസാർഡിന്റെ ശ്രമം.

പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തിയെങ്കിലും സീസണിന്റെ അവസാന ഘട്ടത്തിൽ താരങ്ങളുടെ പരിക്കാണ് ചെൽസിക്ക് വില്ലനായത്. ഇന്നത്തെ മത്സരത്തിന് ചെൽസി ഇറങ്ങുമ്പോൾ ചെൽസി നിരയിൽ പ്രതിരോധ താരം റുഡിഗർ, യുവതാരങ്ങളായ ഹഡ്സൺ ഒഡോയ്, ലോഫ്റ്റസ് ചീക് എന്നിവർ പരിക്ക് മൂലം ടീമിൽ നിന്ന് പുറത്താണ്. മാത്രമല്ല മറ്റൊരു മിഡ്ഫീൽഡ് താരമായ കാന്റെയും പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ ദിവസം പരിശീലനത്തിടെയാണ് കാന്റെക്ക് പരിക്കേറ്റത്. യൂറോപ്പ ലീഗിലെ ടോപ് സ്കോററായ ജിറൂദിന് പകരം ഹിഗ്വയിനെ ഇറക്കുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്. പ്രീമിയർ ലീഗ് സീസണിന്റെ അവസാന ഘട്ടത്തിൽ മോശം പ്രകടനം കാഴ്‌ചവെച്ചതാണ് ആഴ്സണലിന്‌ തിരിച്ചടിയായത്. അവസാനം കളിച്ച 4 മത്സരങ്ങളിൽ വെറും ഒരു പോയിന്റ് മാത്രമാണ് ആഴ്സണലിന്‌ നേടാനായത്. അർമേനിയൻ താരം മികിതരിയൻ ഇല്ലാതെയാണ് ചെൽസിക്കെതിരെ ആഴ്‌സണൽ ഇറങ്ങുക. അർമേനിയയും അസർബൈജാനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളെ തുടർന്ന് താരം യൂറോപ്പ ഫൈനൽ കളിക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

ചെൽസിക്കും ആഴ്‌സണലിനും വേണ്ടി ഗോൾ വല കാത്ത പീറ്റർ ചെക്കിന്റെ അവസാന മത്സരം കൂടിയാവും ഇന്നത്തേത്. എന്നാൽ ആഴ്‌സണൽ നിരയിൽ പീറ്റർ ചെക്ക് ഇന്ന് ഇറങ്ങുമോ എന്ന് പരിശീലകൻ ഉനൈ എമേറി വ്യക്തമാക്കിയിട്ടില്ല. പ്രീമിയർ ലീഗിൽ ആഴ്‌സണൽ നിരയിൽ അവസരങ്ങൾ ലഭിക്കാതിരുന്ന പീറ്റർ ചെക്കിന് യൂറോപ്പയിൽ പരിശീലകൻ ഉനൈ എമേറി അവസരങ്ങൾ നൽകിയിരുന്നു. എന്നാൽ തന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാന മത്സരത്തിൽ താരത്തിന് അവസരം കിട്ടുമോ എന്ന് ഉറപ്പില്ല.

Advertisement