യൂറോപ്പാ ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ആഴ്സണലിന് വിജയം. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സിൽ നടന്ന പ്രകടനത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ആഴ്സണൽ സ്പാനിഷ് ക്ലബായ വലൻസിയയെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു ആഴ്സണലിന്റെ വിജയം.
കളി തുടങ്ങി 11ആം മിനുട്ടിൽ തന്നെ ആഴ്സണലിനെ വിറപ്പിക്കാൻ വലൻസിയക്കായിരുന്നു. ഒരു സെറ്റ് പ്ലേയിൽ നിന്ന് ഡിയകാബി വലൻസിയക്ക് ലീഡ് നൽകി. എന്നാൽ ആ ലീഡ് 7 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. 18ആം മിനുട്ടിൽ ലകാസെറ്റിലൂടെ ആഴ്സണലിന് സമനില. ഒബാമയങ്ങിന്റെ മികച്ച റണ്ണും കണ്ട്രോളും കഴിഞ്ഞുള്ള പാസിൽ നിന്ന് ഒരു ഈസി ഫിനിഷിലൂടെ ആയിരുന്നു ലകാസറ്റെയുടെ ആദ്യ ഗോൾ.
ആ ഗോൾ പിറന്ന് 8 മിനുട്ടുകൾക്ക് ശേഷം ലകാസെറ്റയുടെ രണ്ടാം ഗോളും എത്തി. ജാക്കയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ലകാസെറ്റ് തന്റെ രണ്ടാം ഗോൾ നേടിയത്. ആ ഗോളിന് ശേഷം ഇരുടീമുകൾക്കും നിരവധി അവസരങ് ലഭിച്ചിരുന്നു എങ്കിലും ആർക്കും ഒരു ഗോൾ പിറക്കാൻ 90ആം മിനുട്ട് ആകേണ്ടി വന്നു. ഒബാമയങ് ആയിരുന്നു കളിയുടെ അവസാന നിമിഷം മൂന്നാം ഗോൾ നേടിയത്.
ഈ വിജയം ആഴ്സണലിന് വലിയ സന്തോഷം നൽകും എങ്കിലും ഒരു എവേ ഗോൾ നേടാൻ കഴിഞ്ഞു എന്നത് വലൻസിയയ്ക്ക് രണ്ടാം പാദത്തിൽ പ്രതീക്ഷ ൽകുന്നു.