ബ്രിട്ടീഷ് മഹാറാണി എലിസബത്ത് രണ്ടിന്റെ മരണം കാരണം മാറ്റി വച്ച യൂറോപ്പ ലീഗ് മത്സരത്തിൽ ആഴ്‌സണൽ ഇന്ന് ഡച്ച് ടീം ആയ പി.എസ്.വി ആണ് ആഴ്‌സണലിന്റെ എതിരാളികൾ. ആഴ്‌സണലിന്റെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരായ പ്രീമിയർ ലീഗ് മത്സരം മാറ്റിവച്ചാണ് ഈ മത്സരം ഇന്ന് നടക്കുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൂഡ് വാൻ നിസ്റ്റൽറൂയിയാണ് പി.എസ്.വി യുടെ പരിശീലകൻ. ആഴ്‌സണലിന് എതിരായ നിസ്റ്റൽറൂയിയുടെ വിവാദ മത്സരങ്ങൾ ചരിത്രം ആയതിനാൽ മത്സരത്തിനു വേറൊരു മാനം കൂടി കൈവരുന്നുണ്ട്. പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകും എങ്കിലും കരുത്തരായ പി.എസ്.വിക്ക് എതിരെ താരതമ്യേന മികച്ച ടീമിനെ ആവും ആഴ്‌സണൽ കളത്തിൽ ഇറക്കുക.
ടർണർ ഗോളിൽ വരുമ്പോൾ ഹോൾഡിങ്, ടിയേർണി എന്നിവർക്ക് പ്രതിരോധത്തിൽ അവസരം ലഭിക്കും. മധ്യനിരയിൽ സാമ്പി ലൊക്കോങോ, മുന്നേറ്റത്തിൽ മാർക്വീനോസ്, എഡി എങ്കിതിയ, നെൽസൺ എന്നിവർക്കും അവസരം ലഭിച്ചേക്കും. ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പിക്കുക ആവും ആഴ്‌സണൽ ലക്ഷ്യം. ഡച്ച് യുവതാരം കോഡി ഗാക്പോ തന്നെയാവും ആഴ്‌സണലിന് ഏറ്റവും വലിയ വെല്ലുവിളി ആവുക. ലീഗിൽ 9 ഗോളുകളും 7 അസിസ്റ്റുകളും നേടിയ താരം യൂറോപ്പ ലീഗിൽ ഇത് വരെ 3 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. കോഡിക്ക് പുറമെ സാവി സിമൻസ് അടക്കമുള്ള യുവതാരങ്ങളും അപകടം സൃഷ്ടിക്കാൻ പോന്നവർ ആണ്. എങ്കിലും അനായാസം ജയം കണ്ടു ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടാൻ ആവും എമിറേറ്റ്‌സിൽ ഇന്ന് ആഴ്‌സണൽ ശ്രമം.