കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കിട്ടിയതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി നിക്കോളാസ് പെപെ മികച്ച പ്രകടനം പുറത്തെടുത്ത മത്സരത്തിൽ ജയിച്ച് യൂറോപ്പ ലീഗിന്റെ അടുത്ത റൗണ്ടിൽ ഇടം പിടിച്ച് ആഴ്‌സണൽ. ഇന്ന് നടന്ന മത്സരത്തിൽ നോർവേ ടീമായ മോൾഡെയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ആഴ്‌സണൽ യൂറോപ്പ ലീഗിന്റെ അടുത്ത റൗണ്ട് ഉറപ്പിച്ചത്. യൂറോപ്പ ലീഗിൽ രണ്ട് മത്സരങ്ങൾ ബാക്കിനിൽക്കെയാണ് ആഴ്‌സണൽ യൂറോപ്പ ലീഗിന്റെ അടുത്ത റൗണ്ടിൽ എത്തിയത്.
പ്രീമിയർ ലീഗിൽ മികച്ച ഫോം കണ്ടെത്താൻ കഴിയാതെ ഉഴലുന്ന ആഴ്‌സണലിനും പരിശീലകൻ അർട്ടെറ്റക്കും ആശ്വാസം നൽകുന്നതാണ് ഇന്നത്തെ ജയം. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ നിക്കോളാസ് പെപെയുടെ ഗോളിലൂടെയാണ് ആഴ്‌സണൽ ഗോളടി തുടങ്ങിയത്. തുടർന്ന് റെയ്‌സ് നെൽസണിലൂടെ ലീഡ് ഇരട്ടിയാക്കിയ ആഴ്‌സണൽ മത്സരത്തിന്റെ 83ആം മിനുട്ടിൽ യുവതാരം ഫോളറിൻ ബലോഗണിലൂടെ മത്സരത്തിലെ മൂന്നാമത്തെ ഗോൾ നേടുകയായിരുന്നു. പകരക്കാരനായി ഇറങ്ങി 37 സെക്കന്റിനുള്ളിൽ ഗോൾ നേടിയ ഫോളറിന്റെ ആഴ്‌സണലിന് വേണ്ടിയുള്ള ആദ്യത്തെ ഗോൾ കൂടിയായിരുന്നു ഇത്.