ഇന്ന് ഐ എസ് എൽ ചരിത്രത്തിലെ ആദ്യ കൊൽക്കത്തൻ ഡാർബി

Img 20201126 204931
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് ഒരു ചരിത്ര മുഹൂർത്തമാണ്. ഐ എസ് എല്ലിൽ ആദ്യമായി കൊൽക്കത്ത ഡാർബി നടക്കുന്നു. കൊൽക്കത്തയിലെ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരുന്നു. ഐ എസ് എല്ലിൽ ഇരുടീമുകളും എത്തിയ ആദ്യ വർഷമാണിത്. മോഹൻ ബഗാൻ എ ടി കെയുമായി ലയിച്ചാണ് ഐ എസ് എല്ലിൽ എത്തിയത് എങ്കിൽ ഈസ്റ്റ് ബംഗാൾ പഴയ ഈസ്റ്റ് ബംഗാളായി തന്നെയാണ് ഐ എസ് എല്ലിന്റെ ഭാഗമായത്.

ഗോവയിൽ ആരാധകർ ഇല്ലാത്ത സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത് എങ്കിലും ഡാർബിയുടെ ആവേശം കുറയാൻ സാധ്യതയില്ല. ഈസ്റ്റ് ബംഗാളിന് ഇന്നത്തേത് അവരുടെ ഐ എസ് എല്ലിലെ ആദ്യ മത്സരം കൂടിയാകും. പരിശീലകൻ ഫൗളറിന്റെയും പുതിയ ഈസ്റ്റ് ബംഗാൾ നിരയുടെയും മികവ് ആദ്യമായി ഇന്ത്യൻ ഫുട്ബോൾ ലോകം കാണാൻ പോകുന്നതും ഇന്നായിരിക്കും. മൂന്ന് മലയാളി താരങ്ങൾ ഈസ്റ്റ് ബംഗാൾ നിരയിൽ ഉണ്ട് എങ്കിലും ആരും ഇന്ന് കളത്തിൽ ഇറങ്ങാൻ സാധ്യതയില്ല.

സി കെ വിനീത് മാച് ഫിറ്റ്നെസിൽ എത്തിയിട്ടില്ല. ഗോൾ കീപ്പർ മിർഷാദും ആദ്യ ഇലവനിൽ ഉണ്ടാകില്ല. ഇർഷാദ് മാത്രമാണ് ഇന്ന് കളിക്കാൻ സാധ്യതയുള്ള മലയാളി താരം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോല്പ്പിച്ച എ ടി കെ മോഹൻ ബഗാൻ കൊൽക്കത്ത ഡാർബിയും സ്വന്തമാക്കാം എന്ന പ്രതീക്ഷയിലാണ്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Advertisement