പെർഫെക്ട് ആഴ്‌സണൽ, നാപോളിയെ അവരുടെ തട്ടകത്തിൽ വീഴ്ത്തി സെമിയിൽ

Photo:Twitter/@Arsenal
- Advertisement -

നാപോളിയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ആഴ്‌സണൽ യൂറോപ്പ ലീഗിന്റെ സെമി ഉറപ്പിച്ചു. ആദ്യ പാദത്തിൽ 2-0ന്റെ വിജയം സ്വന്തമാക്കിയ ആഴ്‌സണൽ രണ്ടാം പാദത്തിൽ നാപോളിയെ അവരുടെ ഗ്രൗണ്ടിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് സെമി ഉറപ്പിച്ചത്. ആദ്യ പാദത്തിലെ രണ്ടു ഗോൾ മറികടന്ന് ജയിക്കാൻ സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ നാപോളിയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ആഴ്‌സണൽ നടത്തിയത്.

ആഴ്‌സണലിന് വേണ്ടി ഫ്രീ കിക്കിലൂടെ ലാകസറ്റേയാണ് ഗോൾ നേടിയത്. തന്നെ ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക്‌ നാപോളി മതിൽ മറികടന്ന് വല കുലുക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ ആഴ്സണലും നാപോളിയും ഗോളിനായി പരിശ്രമിച്ചെങ്കിലും മത്സരത്തിൽ ഗോൾ പിറന്നില്ല. നാപോളിക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ പോയതാണ് മത്സരത്തിൽ ആതിഥേയർക്ക് തിരിച്ചടിയായത്.

ശക്തരായ നാപോളിക്കെതിരെ രണ്ടു മത്സരങ്ങളിലും ഗോൾ വഴങ്ങാതെ പിടിച്ചു നിർത്തിയത് ആഴ്‌സണലിന് സെമി ഫൈനലിൽ ആത്മവിശ്വാസം നൽകും. നാപോളി സ്വന്തം ഗ്രൗണ്ടിൽ ഈ സീസണിൽ തോൽക്കുന്ന രണ്ടാമത്തെ മത്സരം മാത്രമായിരുന്നു ഇത്. യൂറോപ്പ ലീഗ് സെമിയിൽ വലൻസിയയാണ് ആഴ്‌സണലിന്റെ എതിരാളികൾ.

Advertisement