യൂറോപ്പ ലീഗിലെ എവേ മത്സരത്തിൽ വീണ്ടും ആഴ്‌സണൽ ദുരന്തം. ഫ്രഞ്ച് ക്ലബായ റെന്നെസ് ആണ് ആഴ്സനലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ആഴ്‌സണൽ ഒരു ഗോളിന് ലീഡ് ചെയ്തുനിൽക്കുന്ന സമയത്ത് ആഴ്‌സണൽ താരം സോക്രടീസ് ചുവപ്പ് കാർഡ് കണ്ടു പുറത്തുപോയതാണ് മത്സരത്തിന്റെ ഗതി നിർണ്ണയിച്ചത്. യൂറോപ്പ ലീഗിലെ കഴിഞ്ഞ എവേ മത്സരത്തിലും ആഴ്‌സണൽ റെഡ് കാർഡ് വാങ്ങിയിരുന്നു. അന്ന് ലാകസറ്റെക്കാണ് ചുവപ്പ് കാർഡ് ലഭിച്ചത്. ഇന്നത്തെ മത്സരത്തിൽ ഒരു എവേ ഗോൾ നേടിയത് മാത്രമാണ് ആഴ്‌സണലിന് ആശ്വസിക്കാനായി ഉള്ളത്.
ഫ്രാൻസിൽ മികച്ച തുടക്കമാണ് ആഴ്‌സണലിന് ലഭിച്ചത്. മൂന്നാം മിനുട്ടിൽ തന്നെ ഇവോബിയിലൂടെ ആഴ്‌സണൽ മുൻപിലെത്തി. എന്നാൽ 7 മിനുറ്റിനിടെ രണ്ടു മഞ്ഞ കാർഡുകൾ വാങ്ങി സോക്രടീസ് പുറത്തുപോയതോടെ ആഴ്‌സണൽ മത്സരം കൈവിട്ടു. സോക്രടീസ് ഫൗൾ ചെയ്തതിനു അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി റെന്നെസ് മത്സരത്തിൽ സമനില നേടി.
ഒന്നാം പകുതി അവസാനിപ്പിച്ച പോലെ തന്നെ രണ്ടാം പകുതിയിലും മികച്ച പ്രകടനം പുറത്തെടുത്ത റെന്നെസ് ഒന്നിന് പിറകെ ഒന്നായി അവസരങ്ങൾ സൃഷ്ട്ടിക്കുകയും തുടർന്ന് സെൽഫ് ഗോളിലൂടെ ലീഡ് ഉറപ്പിക്കുകയുമായിരുന്നു. റെന്നെസ് താരം സെഫാനെയുടെ ക്രോസ്സ് മോൺറിയാലിന്റെ ദേഹത്ത് തട്ടി സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. തുടർന്നും ആഴ്‌സണൽ ഗോൾ മുഖം ആക്രമിച്ച റെന്നെസ് മത്സരം തീരാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെ വീണ്ടും ഗോൾ നേടി. ഇത്തവണ മികച്ചൊരു കൌണ്ടർ അറ്റാക്കിന് ഒടുവിൽ ഒരു ബുള്ളറ്റ് ഹെഡറിലൂടെ ഇസ്‌മൈല സാർ ആണ് ഗോൾ നേടിയത്.
സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ 2 ഗോളിന്റെ വ്യതാസത്തിൽ എങ്കിലും ജയിച്ചാൽ മാത്രമേ ആഴ്സണൽ അടുത്ത റൗണ്ടിലെത്തു.