ഓറഞ്ച് പട അവരുടെ മികവ് തുടരുകയാണ്. ഇന്ന് യൂറോ കപ്പ് യോഗ്യത റൗണ്ടിൽ നെതർലന്റ്സ് തോൽപ്പിച്ചത് ജർമ്മനിയെ ആണ്. അതും ജർമ്മനിയിൽ ചെന്ന്. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു നെതർലാന്റ്സിന്റെ വിജയം. ആദ്യം ഒരു ഗോളിന് പിറകിൽ പോയ നെതർലന്റ്സ് രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. ഇത് മൂന്നാം തവണ മാത്രമാണ് ജർമ്മനി സ്വന്തം നാട്ടിൽ നാലു ഗോളുകൾ വഴങ്ങുന്നത്.
കളിയുടെ ഒമ്പതാം മിനുട്ടിൽ ഗ്നാബിറിയാണ് ജർമ്മിനിയെ മുന്നിൽ എത്തിച്ചത്. ആ ലീഡ് ആദ്യ പകുതിയിൽ ഉടനീളം നിലനിർത്താൻ ജർമ്മനിക്കായി. പക്ഷെ രണ്ടാം പകുതിയിൽ തീർത്തും ആക്രമണത്തിലേക്ക് മാറിയ നെതർലന്റ്സ് ഒന്നിനു പിറകെ ഒന്നായി ഗോളുകൾ അടിച്ചു. ബാഴ്സലോണ താരം ഡി യോങ്ങിലൂടെ ആയിരുന്നു ആദ്യ ഗോൾ. പിന്നാലെ ഒരു സെൽഫ് ഗോളിലൂടെ ഹോളണ്ട് ലീഡെടുത്തു. മറുവശത്ത് ക്രൂസിന്റെ ഒരു പെനാൾട്ടി മത്സരം 2-2 എന്ന നിലയിലാക്കി.
പിന്നാലെ മാലെൻ നേടിയ ഗോൾ വീണ്ടും ഹോളണ്ടിന് ലീഡ് നൽകി. കളിയുടെ അവസാനം ലിവർപൂൾ താരം വൈനാൾഡത്തിലൂടെ നെതർലാന്റ്സ് നാലാം ഗോളും നേടി. വൈനാൾഡം മധ്യനിരയിൽ തകർപ്പൻ പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.