വിമർശിക്കുന്നവർക്ക് വിമർശിക്കാം പക്ഷെ കണക്കുകൾ ഗാരത് സൗത്ത്ഗേറ്റിന് ആയി സാക്ഷ്യം പറയും

Wasim Akram

Updated on:

സൗത്ഗേറ്റ്
Download the Fanport app now!
Appstore Badge
Google Play Badge 1

കളിക്കുന്ന ഫുട്‌ബോളിന്റെ പേരിലും പ്രതിഭകൾ ആയ ഇംഗ്ലണ്ട് താരങ്ങളെ വേണ്ട വിധത്തിൽ ഉപയോഗിക്കാത്തതിനും തനിക്ക് പ്രിയപ്പെട്ട താരങ്ങളെ ടീമിൽ എപ്പോഴും നിലനിർത്തുന്നതിനും അടക്കം ഒക്കെ കടുത്ത വിമർശനങ്ങൾ നേരിടുന്ന ഒരാൾ ആണ് ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും പഴയ ഇതിഹാസ താരങ്ങളിൽ നിന്നും ഒക്കെ കടുത്ത വിമർശനം ആണ് സൗത്ത്ഗേറ്റ് ഈ കാലത്ത് നേരിട്ടത്. ഇംഗ്ലണ്ടിന് ആയി തന്നെ ടീമിൽ എടുക്കേണ്ട എന്നു ആവശ്യപ്പെട്ട ആഴ്സണൽ താരം ബെൻ വൈറ്റിനെപ്പോലുള്ളവർക്കും പരസ്യമായി അല്ലെങ്കിലും സൗത്ത്ഗേറ്റിന്റെ രീതികളോട് വിമർശനം ഉണ്ട്. ഇത്രയും മികച്ച ഫുട്‌ബോൾ താരങ്ങൾ ഉണ്ടായിട്ടും ഇംഗ്ലണ്ട് കളിക്കുന്നത് സൗത്ത്ഗേറ്റിന്റെ ‘ടെററിസ്റ്റ്’ ഫുട്‌ബോൾ ആണെന്ന വിമർശനം യൂറോ കപ്പ് തുടങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ഉയർന്നു കണ്ട വിമർശനം ആയിരുന്നു. അതേസമയം സമാനമായ പ്രതിഭകൾ ഉള്ള സ്‌പെയിന്റെ മനോഹര ഫുട്‌ബോളും ഇംഗ്ലണ്ടും ആയുള്ള അന്തരവും ആളുകൾ ചൂണ്ടിക്കാട്ടി.

ഗാരത്

എന്നാൽ ഏത് വിമർശകർക്കും ഉള്ള മറുപടി ശരിക്കും കണക്കുകൾ കൊണ്ടാണ് ഗാരത് സൗത്ത്ഗേറ്റ് നൽകുന്നത്. 1966 ലെ ലോകകപ്പ് മാത്രം ഇന്നേവരെ ഒരു വലിയ കിരീട നേട്ടം ആയി പറയാനുള്ള ഇംഗ്ലണ്ട് പുരുഷ ടീമിനെ ചരിത്രത്തിൽ ആദ്യമായി രണ്ടു വലിയ ടൂർണമെന്റ് ഫൈനലിൽ എത്തിക്കുന്ന ഏക പരിശീലകൻ ആണ് നിലവിൽ ഗാരത് സൗത്ത്ഗേറ്റ്. അത് മാത്രമല്ല ഇത് ആദ്യമായാണ് ഇംഗ്ലണ്ട് പുരുഷ ടീം സ്വന്തം രാജ്യത്തിനു പുറത്ത് ഒരു വലിയ ടൂർണമെന്റ് ഫൈനൽ കളിക്കാൻ ഒരുങ്ങുന്നത്. 2020 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ ഫൈനലിൽ എത്തിച്ച സൗത്ത്ഗേറ്റ് 2018 ലോകകപ്പിൽ അവരെ സെമിഫൈനലിലും എത്തിച്ചു. 2019 നേഷൻസ് ലീഗ് സെമിഫൈനൽ, 2022 ലോകകപ്പ് ക്വാർട്ടർ ഫൈനൽ തുടങ്ങിയ നേട്ടങ്ങൾ ഒക്കെ ഇംഗ്ലണ്ട് സൗത്ത്ഗേറ്റിന് കീഴിൽ ആണ് നേടിയത്. അത്രയും മികച്ച പ്രതിഭകൾ ഉള്ളത് കൊണ്ടാണ് സൗത്ത്ഗേറ്റ് നേട്ടം ഉണ്ടാക്കുന്നത് എന്ന വിമർശനം ആണെങ്കിൽ ബെക്കാം മുതൽ റൂണി വരെ ടോണി ആദംസ് മുതൽ ജോൺ ടെറി വരെ സ്കോൾസ് മുതൽ ജെറാർഡ് വരെയുള്ള ഗോൾഡൻ ജനറേഷനു ഒന്നും ഈ നേട്ടങ്ങളുടെ അടുത്ത് പോലും എത്താൻ ആയില്ല എന്നതാണ് വാസ്തവം.

ഗാരത്

2016 ൽ റോയി ഹഡ്സണിൽ നിന്നു ഇംഗ്ലണ്ട് പരിശീലക ചുമതല ഏറ്റെടുത്തത് മുതൽ 101 മത്സരങ്ങളിൽ നിന്നു 61 ജയവും 24 സമനിലയും നേടിയ സൗത്ത്ഗേറ്റ് 16 കളികളിൽ മാത്രമാണ് പരാജയം അറിഞ്ഞത്. യൂറോ കപ്പിൽ നിലവിൽ 13 കളികളിൽ(യൂറോ കപ്പ് ഫൈനൽ ഷൂട്ട് ഔട്ട് പരാജയം ആയിരുന്നു) ഇംഗ്ലണ്ട് സൗത്ത്ഗേറ്റിന് കീഴിൽ പരാജയം അറിഞ്ഞിട്ടില്ല. ഇത്തരം ഒരു നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ പരിശീലകൻ ആണ് സൗത്ത്ഗേറ്റ്. ഓരോ പരാജയത്തിനും ആരെ കളിപ്പിക്കുന്നു ആരെ കളിപ്പിക്കുന്നില്ല എന്നത് അടക്കം ഓരോ തീരുമാനത്തിനും വലിയ വിമർശനം നേരിടുന്ന സൗത്ത്ഗേറ്റിന് പക്ഷെ ഇവരുടെ എല്ലാം വായ അടപ്പിക്കാൻ കണക്കുകൾ മാത്രം മതി എന്നത് വാസ്തവം ആണ്. അതേസമയം സെമിഫൈനലിൽ മികച്ച മാറ്റങ്ങൾ കൊണ്ടു ടീമിനെ വിജയിപ്പിച്ച സൗത്ത്ഗേറ്റിന്റെ തന്ത്രങ്ങൾ ഒന്നും ആളുകൾ വേണ്ട വിധം അഭിനന്ദിക്കുക ഉണ്ടായില്ല എന്നതാണ് വാസ്തവം. യൂറോ കപ്പ് ഫൈനലിൽ രാജ്യത്തിനു കിരീടം നേടി നൽകി 1966 ലോകകപ്പിന് ശേഷം ഇംഗ്ലണ്ടിന് ആദ്യ പ്രധാന കിരീടവും ചരിത്രത്തിലെ ആദ്യ യൂറോ കപ്പ് കിരീടവും സമ്മാനിച്ചു വിമർശകരുടെ വായ എന്നെന്നേക്കും ആയി അടപ്പിക്കാൻ ഉറച്ചു ആവും സൗത്ത്ഗേറ്റ് വരുന്ന ഞായറാഴ്ച തന്റെ ടീമിനെ ഇറക്കുക.