5 മത്സരങ്ങൾ, 6 അസിസ്റ്റുകൾ, 1 ഗോൾ! ഇത് ഹാമസ് റോഡ്രിഗസിന്റെ കോപ്പ അമേരിക്ക

Wasim Akram

Picsart 24 07 11 12 45 28 542
Download the Fanport app now!
Appstore Badge
Google Play Badge 1

2001 ൽ ചരിത്രത്തിൽ ആദ്യമായി കോപ്പ അമേരിക്ക കിരീടം ഉയർത്തിയ ശേഷം മറ്റൊരു കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയ എത്തുമ്പോൾ അവർ ഏറ്റവും അധികം നന്ദി പറയേണ്ടത് അവരുടെ ക്യാപ്റ്റൻ കൂടിയായ ഹാമസ് റോഡ്രിഗസിനോട് ആണ്. 2014 ലോകകപ്പ് ബ്രസീലിൽ വെച്ചു നടന്നപ്പോൾ അന്ന് ഗോൾഡൻ ബൂട്ട് നേടി ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോൾ അടിച്ച താരമായ 22 കാരൻ ഒരു പതിറ്റാണ്ടിന് ശേഷം രാജ്യത്തിനു ആയി ഒരു കിരീടം നേടുക എന്ന സ്വപ്നവും ആയി തുനിഞ്ഞു ഇറങ്ങിയിരിക്കുക ആണ്. അന്ന് ക്വാർട്ടർ ഫൈനലിൽ കൊളംബിയ ബ്രസീലിനു മുമ്പിൽ വീണപ്പോൾ കണ്ണീർ അണിഞ്ഞു നിന്ന റോഡ്രിഗസിന്റെ മുഖം ഫുട്‌ബോൾ ആരാധകർ മറക്കാൻ ഇടയില്ല. കഴിഞ്ഞ 10 വർഷത്തിന് ഇടയിൽ ഫുട്‌ബോൾ ഒരുപാട് മാറി റോഡ്രിഗസിന്റെ കരിയറും. 2014 ലോകകപ്പിന് ശേഷം മൊണാക്കോയിൽ നിന്നു വലിയ പ്രതീക്ഷയോടെ റയൽ മാഡ്രിഡിൽ എത്തിയ റോഡ്രിഗസിന്റെ കരിയർ പക്ഷെ പ്രതീക്ഷിച്ച ഉയരങ്ങളിൽ എത്തിയില്ല എന്നത് ആണ് യാഥാർത്ഥ്യം.

കോപ്പ അമേരിക്ക

തുടർന്ന് ബയേൺ മ്യൂണികും, എവർട്ടണും, അൽ റയ്യാനും, ഒളിമ്പിയാകോസും നിലവിൽ സാവോ പോളോയിലും ആയി ബൂട്ട് കെട്ടിയ റോഡ്രിഗസ് പക്ഷെ ഈ വർഷങ്ങളിൽ ആയി രാജ്യത്തിനു ആയി എല്ലാം നൽകി എന്നത് ആണ് വാസ്തവം. 2017 കോപ്പ അമേരിക്ക സെന്റനാരിയോയിൽ ടീമിനെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച റോഡ്രിഗസ് പരിക്ക് കാരണം കളിക്കാത്ത പ്രീ ക്വാർട്ടറിൽ ആണ് 2018 ലോകകപ്പിൽ കൊളംബിയ ഇംഗ്ലണ്ടിന് എതിരെ പുറത്താവുന്നത്. 2021 കോപ്പ അമേരിക്കയിൽ പരിക്ക് കാരണം കളിക്കാൻ പറ്റാതിരുന്ന റോഡ്രിഗസിന് പക്ഷെ 2022 ലോകകപ്പിൽ കൊളംബിയക്ക് യോഗ്യത നേടി നൽകാനും ആയില്ല. എന്നാൽ അതിനു എല്ലാം പരിഹാരം കാണാൻ എന്നോണം ആണ് ഈ കോപ്പ അമേരിക്കയിൽ ഹാമസ് റോഡ്രിഗസ് ബൂട്ട് കെട്ടിയത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് കൊളംബിയ നിലവിൽ, അർജന്റീനൻ പരിശീലകൻ നെസ്റ്റർ ലോറൻസോക്ക് കീഴിൽ കഴിഞ്ഞ 28 മത്സരങ്ങളിൽ അവർ പരാജയം അറിഞ്ഞിട്ടില്ല.

കോപ്പ അമേരിക്ക
 

ലൂയിസ് ഡിയാസും, ജെഫേർസൺ ലെർമയും, ഡാനിയേൽ മുനോസും, ഡേവിസൺ സാഞ്ചോസും അടങ്ങുന്ന യുവത്വവും അനുഭവസമ്പന്നരും അടങ്ങുന്ന ടീമിന്റെ ഏറ്റവും വലിയ ശക്തി ഇന്നും 32 കാരനായ പലരും എഴുതി തള്ളിയ ഹാമസ് റോഡ്രിഗസ് തന്നെയാണ്. അതാണ് ഹാമസ് ഈ കോപ്പ അമേരിക്കയിൽ തെളിയിച്ചത്. പരാഗ്വക്ക് എതിരെ ആദ്യ മത്സരത്തിൽ ഇരട്ട അസിസ്റ്റുകൾ നൽകിയ ഹാമസ് രണ്ടാം മത്സരത്തിൽ കോസ്റ്ററിക്കക്ക് എതിരെയും ഒരു ഗോളിന് വഴി ഒരുക്കി. അവസാന ഗ്രൂപ്പ് മത്സരത്തിൽ ബ്രസീലിനു എതിരെയും ഹാമസ് മികവ് കാണിച്ചു. തുടർന്ന് ക്വാർട്ടർ ഫൈനലിൽ പനാമക്ക് എതിരെ ഒരു ഗോൾ നേടിയ ഹാമസ് രണ്ടു ഗോളിന് അസിസ്റ്റും നൽകി. ഇന്ന് സെമിഫൈനലിൽ ഉറുഗ്വേക്ക് എതിരെ ജെഫേർസൺ ലെർമയുടെ ഗോളിനു കോർണറിലൂടെ വഴി ഒരുക്കിയതും ഹാമസ് തന്നെയായിരുന്നു. ഇത് വരെ 5 ൽ 4 മത്സരങ്ങളിൽ കളിയിലെ താരവും ഹാമസ് ആയിരുന്നു. ഇനി ഫൈനലിൽ അർജന്റീനയെ നേരിടാൻ ഒരുങ്ങുമ്പോൾ രാജ്യത്തിനു ആയി ഒരു കിരീടം ആയിരിക്കും ഹാമസ് റോഡ്രിഗസും സംഘവും ലക്ഷ്യം വെക്കുക. ചരിത്രത്തിൽ ഇത് വരെ ഒരേയൊരു കോപ്പ അമേരിക്ക 2001 ൽ നേടിയ കൊളംബിയൻ ജനതക്ക് 23 വർഷങ്ങൾക്ക് ശേഷം കിരീടം നേടി നൽകി ടൂർണമെന്റിന്റെ താരമാവാൻ ആവും റോഡ്രിഗസ് ഞായറാഴ്ച ശ്രമിക്കുക എന്നുറപ്പാണ്.