കാമറൂണിന്റെ ഇതിഹാസ താരം സാമുവൽ എറ്റൂ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 38 ആം വയസിലാണ് താരം ഫുട്‌ബോൾ കരിയറിന് അവസാനം കുറിച്ചത്. യൂറോപ്പിൽ പ്രമുഖ ലീഗുകളിൽ കളിച്ച താരം 2004 മുതൽ 2009 വരെ ബാഴ്സക്ക് വേണ്ടി കളിച്ചതാണ് കരിയറിലെ ഏറ്റവും മികച്ച നേട്ടം. 22 വർഷം നീണ്ട കരിയറിന് ശേഷമാണ് താരം ബൂട്ട് അഴിക്കുന്നത്.
1997 മുതൽ 2014 കാമറൂണിന്റെ ദേശീയ ടീം അംഗമായിരുന്നു എറ്റൂ. 1997 ൽ റയൽ മാഡ്രിഡിലൂടെ സീനിയർ കരിയർ ആരംഭിച്ച താരം പക്ഷെ അവിടെ തിളങ്ങാനാവാതെ വന്നതോടെയാണ് 2000 തിൽ മല്ലോർക്കയിലേക്ക് മാറുന്നത്. തുടർന്ന് 2004 വരെ അവിടെ കളിച്ച താരം ബാഴ്സയിലേക് മാറി. 2009 ൽ ബാഴ്സ വിട്ട ശേഷം ഇന്റർ, ചെൽസി, എവർട്ടൻ , സാംഡോറിയ, അന്റാലിയാസ്‌പോർ, കോന്യാസ്പോർ, ഖത്തർ സ്പോർട്സ് ക്ലബ്ബ് ടീമുകൾക് വേണ്ടിയും കളിച്ചു.
കാമറൂണിന് ഒപ്പം 2 തവണ ആഫ്രിക്കൻ നേഷൻസ് കപ്പ് കിരീടം നേടിയ താരം ക്ലബ്ബ് കരിയറിലെ ഏതാണ്ട് പ്രധാന കിരീടങ്ങൾ എല്ലാം നേടി. മല്ലോർക്കക്ക് ഒപ്പം കോപ്പ ഡെൽ റെ 2003 കിരീടം നേടിയ താരം ബാഴ്സക്ക് ഒപ്പം 3 ല ലീഗ കിരീടങ്ങളും, 2 ചാമ്പ്യൻസ് ലീഗും, 2 സൂപ്പർ കോപ്പയും, 1 കോപ്പ ഡെൽ റെ കിരീടവും നേടി. പിന്നീട് ഇന്ററിന് ഒപ്പം ഒരു സീരി എ യും, 2 കോപ്പ ഇറ്റാലിയയും, 1 ചാമ്പ്യൻസ് ലീഗും, ഒരു ഫിഫ ക്ലബ്ബ് ലോകകപ്പും നേടി.