നദാലിനെ തോൽപ്പിക്കാൻ മെദ്വദേവിനാവുമോ?യു.എസ് ഓപ്പൺ ഫൈനൽ ചിത്രം തെളിഞ്ഞു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

യു.എസ് ഓപ്പൺ ഫൈനലിൽ രണ്ടാം സീഡ് സ്പാനിഷ് താരം റാഫേൽ നദാലും 5 സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവും ഏറ്റുമുട്ടും. സെമിയിൽ തന്റെ 19 മത്തെ ഗ്രാന്റ്‌ സ്‌ലാം കിരീടം ലക്ഷ്യമിടുന്ന കളിമണ്ണ് കോർട്ടിലെ രാജാവ് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം സെമിഫൈനൽ കളിക്കുന്ന ഇറ്റാലിയൻ താരവും 24 സീഡുമായ മറ്റിയോ ബരേറ്റിനിയെ തോൽപ്പിച്ചത്. ആദ്യസെറ്റിൽ നദാലിന് കടുത്ത വെല്ലുവിളി ഉയർത്തിയ ഇറ്റാലിയൻ താരം രണ്ട് സെറ്റ് പോയിന്റുകളും നേടി. എന്നാൽ ടൈബ്രേക്കറിലൂടെ സെറ്റ് നേടിയ നദാൽ വിട്ട് കൊടുക്കാൻ തയ്യാറായിരുന്നില്ല. രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും നദാൽ തന്റെ പൂർണ മികവിലേക്ക്‌ ഉയർന്നപ്പോൾ ഇറ്റാലിയൻ താരത്തിന് വലിയ വെല്ലുവിളി ആവാൻ പിന്നീട് സാധിച്ചില്ല. 6-4 നു രണ്ടാം സെറ്റും 6-1 നു മൂന്നാം സെറ്റും നേടിയ നദാൽ ഫൈനലിലേക്ക് മുന്നേറി. ഈ ഫോമിൽ നദാലിനെ തളക്കാൻ മെദ്വദേവിന് ആവുമോ എന്നു കണ്ടറിയണം.

അതേസമയം സീഡ് ചെയ്യാത്ത ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് 5 സീഡ് ഡാനിൽ മെദ്വദേവ്‌ ഫൈനലിലേക്ക് മുന്നേറിയത്. റോജർ ഫെഡററെ മറികടന്ന് സെമിഫൈനലിൽ എത്തിയ ദിമിത്രോവിന് മത്സരത്തിൽ വലിയ അവസരം ഒന്നും മെദ്വദേവ്‌ നൽകിയില്ല. ടൈബ്രേക്കറിലേക്ക് നീണ്ട ആദ്യ സെറ്റ് 7-6 നേടിയ റഷ്യൻ താരം പിന്നീട്‌ തിരിഞ്ഞു നോക്കിയില്ല. 6-4 നു രണ്ടാം സെറ്റും 6-3 നു മൂന്നാം സെറ്റും നേടിയ റഷ്യൻ താരം ഫൈനലിലേക്ക് മുന്നേറി. ഓപ്പൺ യുഗത്തിൽ റോജേഴ്സ് കപ്പ്, സിൻസിനാറ്റി മാസ്റ്റേഴ്സ്, യു.എസ് ഓപ്പൺ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ മാത്രം താരമായി മെദ്വദേവ്‌ ഇതോടെ. എന്നാൽ തന്റെ ആദ്യ ഗ്രാന്റ്‌ സ്‌ലാം ഫൈനലിൽ തനിക്കെതിരെയുള്ള കാണികളേയും നദാൽ എന്ന ഇതിഹാസത്തേയും മറികടക്കാൻ 23 കാരനായ റഷ്യൻ യുവതാരത്തിന് ആവുമോ എന്നു കണ്ടറിയണം.