വമ്പൻ ജയവുമായി ഖത്തർ ലോകകപ്പിനുള്ള ടിക്കറ്റ് ഉറപ്പിച്ച് ഇംഗ്ലണ്ട് ടീം. ദുർബലരായ സാൻ മറീനോയെ ഏകപക്ഷീയമായ 10 ഗോളുകൾക്ക് തോല്പിച്ചത് ഇംഗ്ലണ്ട് ഖത്തർ ലോകകപ്പിനുള്ള യോഗ്യത ഉറപ്പിച്ചത്. നാല് ഗോളുകൾ നേടിയ ഹാരി കെയ്ൻ ആണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഹാരി കെയ്‌നിന്റെ നാല് ഗോളിൽ രണ്ടെണ്ണം പെനാൽറ്റിയിൽ നിന്നാണ് പിറന്നത്. മത്സരത്തിന്റെ 39മത്തെ മിനിറ്റ് ആവുമ്പോഴേക്കും ഹാട്രിക് തികയ്ക്കാൻ ഹരി കെയ്‌നിനായി. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ പത്ത് ഗോളുകൾ നേടുന്നത്.
പ്രതിരോധ താരം മഗ്വയറിലൂടെയാണ് ഇംഗ്ലണ്ട് ഗോളടി തുടങ്ങിയത്. തുടർന്ന് ഫാബ്രിയുടെ സെൽഫ് ഗോളിൽ ലീഡ് ഇരട്ടിപ്പിച്ച ഇംഗ്ലണ്ട് ഹാരി കെയ്‌നിന്റെ നാല് ഗോളോടെ ആദ്യ പകുതിയിൽ തന്നെ 6 ഗോളിന് മുൻപിൽ എത്തി. തുടർന്ന് രണ്ടാം പകുതിൽ എമിൽ സ്മിത്ത് റോ, മിങ്‌സ്, ടാമി എബ്രഹാം, സാക എന്നിവരും ഗോൾ നേടുകയായിരുന്നു. മത്സരത്തിന്റെ 68ആം മിനുട്ടിൽ സാൻ മറീനോ താരം റോസ്സി ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ 10 പേരുമായാണ് അവർ മത്സരം പൂർത്തിയാക്കിയത്.