ലൂയിസ് എൻറികെ സ്‌പെയിൻ ദേശീയ ടീം പരിശീലക സ്ഥാനത്ത് വൈകാതെ മടങ്ങി എത്തിയേക്കും. നിലവിലെ പരിശീലകൻ ആൽബർട്ടോ മൊറേനോഎൻറികെയുടെ മടങ്ങി വരവിനായി നിലവിലെ സ്ഥാനം രാജി വച്ചേക്കും എന്നാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഇതോടെ 2020 യൂറോയിൽ സ്പാനിഷ് തന്ത്രങ്ങൾ ഒരുക്കുക മുൻ ബാഴ്സലോണ പരിശീലകനായ എൻറികെയാകും എന്ന് ഉറപ്പായി.
ഈ വർഷം ആദ്യമാണ് എൻറികെ സ്പാനിഷ് ദേശീയ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞത്. ക്യാൻസർ രോഗം ബാധിച്ച തന്റെ മകളുടെ കൂടെ സമയം ചിലവഴിക്കാനാണ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. ഏറെ വൈകാതെ അദ്ദേഹത്തിന്റെ മകൾ മരണപ്പെടുകയും ചെയ്തു. എൻറികെ പോയതോടെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയിരുന്ന മോറെനോക്ക് കീഴിൽ കളിച്ച സ്‌പെയിൻ യൂറോ യോഗ്യത അനായാസം ഉറപ്പിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ എൻറികെയുടെ മടങ്ങി വരവ് പ്രഖ്യാപിച്ചേക്കും.