ഇന്ന് എൽ ക്ലാസിക്കോ! റയലും ബാഴ്‌സയും ഉജ്ജ്വല ഫോമിൽ, മാഡ്രിഡിൽ ഇന്ന് തീപാറും

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പാനിഷ് ലാ ലീഗയിൽ ഇന്ന് എൽ ക്ലാസിക്കോ പോര്. ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ ഗ്ലാമർ പോരാട്ടം ആയ എൽ ക്ലാസിക്കോ റയലിന്റെ മൈതാനം ആയ സാന്റിയാഗോ ബെർണബയിൽ രാത്രി 1.30 നു ആണ് നടക്കുക. നിലവിൽ ലാ ലീഗ കിരീടപ്പോരിൽ ഏറെ മുന്നിലുള്ള റയൽ മാഡ്രിഡ് ലീഗിൽ 10 പോയിന്റ് മുന്നിൽ ഒന്നാം സ്ഥാനത്ത് ആണെങ്കിൽ തുടക്കത്തിൽ തകർന്ന ബാഴ്‌സലോണ സാവിക്ക് കീഴിൽ ഉയിർത്തെഴുന്നേൽപ്പ് നടത്തുക ആണ്. നിലവിൽ നാലാം സ്ഥാനത്ത് ആണ് അവർ. നിലവിൽ 28 കളികളിൽ നിന്ന് റയലിന് 66 പോയിന്റുകൾ ഉള്ളപ്പോൾ ബാഴ്‌സലോണക്ക് 27 കളികളിൽ നിന്നു 51 പോയിന്റുകൾ ആണ് ഉള്ളത്. റയലിന് ആയി കരീം ബെൻസെമ കളിക്കില്ല എന്നത് അവർക്ക് വലിയ തിരിച്ചടിയാണ്. എന്നാൽ ബാഴ്‌സലോണക്ക് എതിരെ കഴിഞ്ഞ 5 കളികളിൽ ജയം നേടിയ ആത്മവിശ്വാസം റയലിന് കൂട്ടാണ്.

സീസണിൽ ആഞ്ചലോട്ടിക്ക് കീഴിൽ മികവ് തുടരുന്ന റയൽ ലീഗിൽ കഴിഞ്ഞ 4 മത്സരങ്ങളിലും ജയം കണ്ടു. കൂടാതെ ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജിക്ക് എതിരായ തിരിച്ചു വരവ് ജയവും റയലിന്റെ മികവിന്റെ സാക്ഷ്യം ആണ്. മികച്ച പ്രതിരോധവും പ്രായം തളർത്താത്ത മധ്യനിരയും ഫോമിലുള്ള മുന്നേറ്റവും ആണ് റയലിന്റെ കരുത്ത്. കഴിഞ്ഞ രണ്ടു ലാ ലീഗ എൽ ക്ലാസിക്കോയും ജയിച്ച റയൽ കഴിഞ്ഞ സീസണിന്റെ തുടക്കം മുതൽ ഇത് വരെ വെറും ആറു കളികളിൽ മാത്രമേ തോൽവി വഴങ്ങിയിട്ടുള്ളൂ. പ്രതിരോധത്തിൽ കോർട്ടോവാക്ക് മുന്നിൽ അലാബയും നാച്ചോയും റയലിന് വലിയ കരുത്ത് ആണ് പകരുന്നത്. മധ്യനിരയിൽ എന്നത്തേയും പോലെ പ്രായം തളർത്താത്ത മികവും ആയി മോഡ്രിച്ച്, ക്രൂസ്, കാസിമരോ എന്നിവർ ആണ് റയലിന്റെ ഏറ്റവും വലിയ ശക്തി. മുന്നേറ്റത്തിൽ ബാഴ്‌സലോണക്ക് എതിരെ എന്നും ഗോൾ അടിക്കുന്ന ബെൻസെമയുടെ അഭാവം വലിയ നഷ്ടം ആണ് എങ്കിലും വിനീഷ്യസ് ജൂനിയറും, റോഡ്രിഗോയും, ഹസാർഡും, ജോവിച്ചും അടക്കമുള്ളവർക്ക് ആ വിടവ് നികത്താൻ ആയേക്കും. ഇസ്കോ, ബെയിൽ, അസൻസിയോ എന്നിവരെയും ആഞ്ചലോട്ടിക്ക് പരീക്ഷിക്കാൻ സാധിക്കും. മികവ് തുടർന്ന് ഒരിക്കൽ കൂടി ബാഴ്‌സയെ തരപറ്റിക്കാൻ ആവും റയൽ ശ്രമം.

മറുവശത്ത് തുടക്കത്തിലെ വലിയ തിരിച്ചടികൾക്ക് ശേഷം സാവിക്ക് കീഴിൽ അവിശ്വസനീയം ആയ വിധം തിരിച്ചു വന്ന ബാഴ്‌സലോണയെ ആണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ 10 കളികളിൽ തോൽവി നേരിടാത്ത അവർ കഴിഞ്ഞ നാലു ലാ ലീഗ മത്സരവും ജയിച്ചു. 10 അവേ മത്സരങ്ങളിൽ പരാജയം അറിയാതെയാണ് അവർ മാഡ്രിഡിൽ എത്തുന്നത്. ഗോൾ അടിച്ചു കൂട്ടി ആക്രമണ ഫുട്‌ബോൾ കളിക്കുന്ന ബാഴ്‌സലോണ ആരാധകർക്ക് വലിയ ആവേശം ആണ് നൽകുന്നത്. എന്നാൽ ഇത് റയലിന് എതിരെ മതിയാവുമോ എന്നു കണ്ടറിയണം. പ്രതിരോധത്തിൽ എറിക് ഗാർസിയ ഒഴിച്ചു ബാക്കിയുള്ളവർ പഴയ പടക്കുതിരകൾ ആണ്. പിക്വ, ജോർദി ആൽബ, ഡാനി ആൽവസ് എന്നിവർ റയലിന് എതിരെ എങ്ങിനെ കളിക്കും എന്നത് പ്രധാനമാണ്. മധ്യനിരയിൽ 43 മത്തെ എൽ ക്ലാസിക്കോ കളിക്കാൻ ഒരുങ്ങുന്ന സെർജിയോ ബുസ്‌കെറ്റ്സിന്റെ പ്രകടനം ആവും ചിലപ്പോൾ മത്സരത്തിന്റെ വിധി എഴുതുക. ഫ്രാങ്ക് ഡി ജോങിനു തന്റെ മികവ് പുറത്ത് എടുക്കാനുള്ള വലിയ അവസരം തന്നെയാവും ഈ വേദി. അതേസമയം മനോഹരമായി കളിക്കുന്ന യുവ താരം പെഡ്രിയിൽ നിന്ന് ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. മറ്റൊരു യുവ താരം ഗാവിയെയും ബാഴ്‌സലോണക്ക് മധ്യനിരയിൽ പരീക്ഷിക്കാവുന്നത് ആണ്. മുന്നേറ്റത്തിൽ ഗോൾ അടിച്ചു കൂട്ടുന്ന ഒബമയാങ് ബാഴ്‌സക്ക് വലിയ പ്രതീക്ഷ ആണ് നൽകുന്നത്. മികവിലേക്ക് ഉയർന്ന ഡെമ്പേലയും നന്നായി കളിക്കുന്ന ഫെറാൻ ടോറസും ബാഴ്‌സയുടെ കരുത്ത് ആണ്. ആദാമ ട്രയോറ കളിച്ചേക്കില്ല എന്നത് ബാഴ്‌സക്ക് തിരിച്ചടിയാണ്. അതേസമയം ഡീപായിയുടെ സാന്നിധ്യവും ബാഴ്‌സയുടെ കരുത്ത് ആണ്. സമീപ കാലത്തെ മികവ് റയലിന് എതിരെ ബാഴ്‌സക്ക് മതിയാവുമോ എന്നത് തന്നെയാവും വലിയ ചോദ്യം. താരമായി എൽ ക്ലാസിക്കോയിൽ തിളങ്ങിയ സാവിയുടെ തന്ത്രങ്ങൾക്ക് മുന്നിൽ ആഞ്ചലോട്ടി പതറുമോ എന്നു കണ്ടറിയാം.