ഡൂറണ്ട് കപ്പ്; കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇന്ന് രണ്ടാം മത്സരം

ഡൂറണ്ട് കപ്പിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ രണ്ടാം മത്സരത്തിന് ഇറങ്ങും. ഇന്ന് വൈകിട്ട് 3 മണിക്ക് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഒഡീഷ എഫ് സിയെ ആണ് നേരിടുക. മത്സരം വൂട്ട് ആപ്പിലും സ്പോർട്സ് 18ലും തത്സമയം കാണാം. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് യുവനിര സുദേവ എഫ് സിക്ക് എതിരായ ആദ്യ മത്സരത്തിൽ 1-1ന്റെ സമനില നേടിയിരുന്നു.

സീനിയർ താരങ്ങൾ ഒന്നും ടീമിനൊപ്പം ഇല്ലെങ്കിലും ആദ്യ മത്സരത്തിൽ നല്ല പ്രകടനമായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കാഴ്ചവെച്ചത്. ഇന്ന് അതിന്റെ തുടർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒഡീഷ എഫ് സി അവരുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ചിരുന്നു. ഒഡീഷ അവരുടെ ഐ എസ് എൽ സ്ക്വാഡുമായാണ് ഡൂറണ്ട് കപ്പ് കളിക്കാൻ എത്തിയിരിക്കുന്നത്.