ബാഴ്സലോണക്ക് ഞെട്ടിക്കുന്ന തോൽവി നൽകി ലെവന്റെ

കോപ ഡെൽറേയിൽ ബാഴ്സലോണക്ക് അപ്രതീക്ഷിത തോൽവി. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ലെവന്റെയുടെ വിജയം. ലെവന്റയുടെ ഹോമിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ തങ്ങളുടെ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയിരുന്നു. മെസ്സി, സുവാരസ് ടെർ സ്റ്റേഗൻ, റാകിറ്റിച് തുടങ്ങിയവർ ഒന്നും മത്സരത്തിന് ഇറങ്ങിയിരുന്നില്ല. കളിയുടെ നാലാം മിനുട്ടിൽ തന്നെ കബാകോയിലൂടെ ലെവന്റെ മുന്നിൽ എത്തി.

ആദ്യ പകുതി അവസാനിക്കും മുമ്പ് മയേറാൽ രണ്ടാം ഗോളും ലെവന്റയ്ക്കായി നേടി. രണ്ടാം പകുതിയിൽ കുറച്ച് ഭേദപ്പെട്ട നിലയിൽ കളിച്ച ബാഴ്സലോണ രണ്ടാം പാദത്തിൽ പ്രതീക്ഷ നൽകുന്ന ഒരു ഗോൾ നേടി. 84ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയിലൂടെ കൗട്ടീനോ ആണ് ബാശ്ഗ്സയുടെ ഗോൾ നേടിയത്. ഫെബ്രുവരി 17ന് കാമ്പ്നൂവിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.