റയൽ മാഡ്രിഡ് തോറ്റു, ക്ലാസിക്കോയിൽ ബാഴ്‌സലോണ താണ്ഡവം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ബെർണാബ്യൂവിൽ റയൽ മാഡ്രിഡിന്റെ തോൽപ്പിച്ച് ബാഴ്‌സലോണ. ഇന്ന് നടന്ന കോപ്പ ഡെൽ റേ രണ്ടാം പാദത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ജയിച്ച് ബാഴ്‌സലോണ ഫൈനൽ ഉറപ്പിച്ചു. ആദ്യ പാദത്തിൽ ബാഴ്‌സലോണയുടെ ഗ്രൗണ്ടിൽ 1-1ന് സമനില പിടിച്ചതിന് ശേഷമാണ് രണ്ടാം പാദത്തിൽ തകർന്നൊടിഞ്ഞത്. രണ്ടു പാദത്തിലും കൂടി 4-1ന്റെ വിജയമാണ് ബാഴ്‌സലോണ സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ ബാഴ്‌സലോണയെക്കാൾ റയൽ മാഡ്രിഡ് ആണ് മുന്നിട്ട് നിന്നതെങ്കിലും ലഭിച്ച അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. വിനീഷ്യസ് ജൂനിയറിനും ബെൻസെമക്കും ലഭിച്ച സുവർണ്ണ അവസരങ്ങൾ ഗോളാക്കാനാവാതെ പോയത് റയൽ മാഡ്രിഡിന് തിരിച്ചടിയാവുകയായിരുന്നു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബാഴ്‌സലോണ ഗോളുകൾ മുഴുവൻ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മത്സരത്തിൽ ബാഴ്‌സലോണ ലീഡ് നേടി. ഡെംബലെയുടെ ക്രോസിൽ നിന്ന് ലൂയിസ് സുവാരസ് ആണ് ഗോൾ നേടിയത്. ഗോൾ പോസ്റ്റിലേക്കുള്ള ബാഴ്‌സലോണയുടെ ആദ്യ ശ്രമം കൂടിയായിരുന്നു ഇത്. തുടർന്നും സമനില ഗോളിനായി റയൽ മാഡ്രിഡ് ശ്രമിച്ചെങ്കിലും വരാനെയുടെ സെൽഫ് ഗോളിൽ റയൽ മാഡ്രിഡ് വീണ്ടും പിന്നിലായി ഇത്തവണയും ഡെംബലെയുടെ ക്രോസ്സ് സുവാരസിനെ ലക്‌ഷ്യം വെച്ചെങ്കിലും വരാനെയുടെ കാലിൽ തട്ടി സ്വന്തം പോസ്റ്റിൽ പതിക്കുകയായിരുന്നു.

രണ്ടാമത്തെ ഗോൾ നേടി അധികം താമസിയാതെ തന്നെ ബാഴ്‌സലോണ റയൽ മാഡ്രിഡിന്റെ പതനം പൂർത്തിയാക്കി. ഇത്തവണ സുവാരസിനെ പെനാൽറ്റി ബോക്സിൽ കസെമിറോ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി സുവാരസ് തന്നെയാണ് ബാഴ്‌സലോണയുടെ മൂന്നാമത്തെ ഗോൾ നേടിയത്.

വലൻസിയ റയൽ ബെറ്റിസ്‌ മത്സരത്തിലെ വിജയികളാണ് ഫൈനലിൽ ബാഴ്‌സലോണയുടെ എതിരാളികൾ.