എമിറേറ്റ്സിൽ ആഴ്‌സണലിന്റെ ബേൺമൗത്ത്‌ വധം, അടിച്ചു കൂട്ടിയത് അഞ്ചു ഗോളുകൾ!!

ബേൺമൗത്തിനെ ഗോൾ മഴയിൽ മുക്കി ആഴ്‌സണലിന് പ്രീമിയർ ലീഗിൽ മികച്ച വിജയം. എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ആഴ്‌സണൽ ബേൺമൗത്തിനെ പരാജയപ്പെടുത്തിയത്. ഓരോ ഗോളുകളും അസിസ്റ്റുകളും നേടിയ ഓസിലും മിഖിതാര്യനും ആണ് ആഴ്‌സണലിന് വേണ്ടി തിളങ്ങിയത്. വിജയത്തോടെ ആഴ്‌സണൽ ലീഗ് ടേബിളിൽ നാലാം സ്ഥാനം നിലനിർത്തി.

മെസൂത് ഓസിൽ ആണ് ആഴ്‌സനലിന്റെ ആദ്യ ഗോൾ നേടിയത്, നാലാം മിനിറ്റിൽ തന്നെ ഉനൈ എമരിയുടെ ടീം മുന്നിൽ എത്തി. 27ആം മിനിറ്റിൽ ഹെൻറിക് മിഖിതാര്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ നേടി ആഴ്‌സനലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. എന്നാൽ തൊട്ടടുത്ത നിമിഷം 30ആം മിനിറ്റിൽ ബേൺമൗത്ത് ഒരു ഗോൾ മടക്കി. ലിസ് മൗസെറ്റ് ആയിരുന്നു ബേൺമൗത്തിന്റെ ഗോൾ നേടിയത്. ആദ്യ പകുതിയിൽ 2-1 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതി തുടങ്ങി 47ആം മിനിറ്റിൽ തന്നെ കോശേലിനീയിലൂടെ ആഴ്‌സണൽ മൂന്നാം ഗോളും നേടി. എന്നാൽ ഇതിലും ആഴ്‌സണൽ നിർത്തിയില്ല. 59ആം മിനിറ്റിൽ ഗോൾ നേടി ഔബമായാങ്ങും ആഴ്‌സണൽ ഗോൾ പട്ടികയിൽ എത്തി. 78ആം മിനിറ്റിൽ തുടർച്ചയായി അഞ്ചാം മത്സരത്തിലും ഗോൾ നേടി ലകാസെറ്റെ ടീമിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി. സ്‌കോർ 5-1. വിജയത്തോടെ ആഴ്‌സണലിന് 28 മത്സരങ്ങളിൽ നിന്നും 56 പോയിന്റായി.

Previous articleഅന്താരാഷ്ട്ര ക്രിക്കറ്റില്‍ 500 സിക്സ് നേടുന്ന താരമായി ക്രിസ് ഗെയില്‍, പതിനായിരം ഏകദിന റണ്‍സും പൂര്‍ത്തിയാക്കി
Next articleറയൽ മാഡ്രിഡ് തോറ്റു, ക്ലാസിക്കോയിൽ ബാഴ്‌സലോണ താണ്ഡവം