കാനറികളുടെ രാത്രി!! ചുവപ്പ് കാർഡും മറികടന്ന് ബ്രസീലിന് കോപ അമേരിക്കൻ കിരീടം!!

നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം ബ്രസീൽ വീണ്ടും കോപ അമേരിക്ക കിരീടത്തിൽ മുത്തമിട്ടു. ഇന്ന് നടന്ന ആവേശകരമായ ഫൈനലിൽ ചുവപ്പ് കാർഡിനെയും പെറിവിന്റെ വീറിനെയും മറികടന്നായിരുന്നു ബ്രസീൽ കിരീടം നേടിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുഞ്ഞ് ബ്രസീലിന്റെ വിജയം. മാഞ്ചസ്റ്റർ സിറ്റി താരം ഗബ്രിയേൽ ജീസുസ് ആണ് ബ്രസീലിന്റെ വിജയ ശില്പിയായത്.

ഗ്രൂപ്പിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച പെറുവിനെ ആയിരുന്നില്ല ഇന്ന് ഫൈനലിൽ കാണാനായത്. അച്ചടക്കത്തോടെ ഡിഫൻഡ് ചെയ്യുന്ന ഒരു പെറു ആയിരുന്നു ഇന്ന് ഇറങ്ങിയത്. എങ്കിലും കളിയുടെ 15ആം മിനുട്ടിൽ മുന്നിൽ എത്താൻ ബ്രസീലിനായി. ഗബ്രിയേൽ ജീസുസിന്റെ ഒരു ഗംഭീര ക്രോസ് സുന്ദരമായ ഒരു വോളിലൂടെ വലയിൽ എത്തിച്ച് എവർട്ടണായിരുന്നു ബ്രസീലിന് ലീഡ് നൽകിയത്.

കളിയുടെ 44ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടി എന്നാൽ പെറുവിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ഗുറേറോ ആയിരുന്നു പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. പക്ഷെ ആ സമനിലക്ക് ഒരു മിനുട്ടിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. 45ആം മിനുട്ടിൽ ജീസുസിലൂടെ ബ്രസീൽ ലീഡ് പുനസ്ഥാപിച്ചു. രണ്ടാം പകുതിയിൽ ഒരു ചുവപ്പ് കാർഡ് പിറക്കുന്നത് വരെ ബ്രസീലിന്റെ ആ ലീഡിന് യാതൊരു ഭീഷണിയും നേരിടേണ്ടി വന്നിരുന്നില്ല.

70ആം മിനുട്ടിൽ ജീസുസ് ആണ് രണ്ടാം മഞ്ഞക്കാർഡും വാങ്ങി കളം വിട്ടത്. 10 പേരായി ചുരുങ്ങുയ ബ്രസീൽ പ്രതിരോധത്തിലായി. പക്ഷെ കളിയുടെ അവസാന നിമിഷം കിട്ടിയ പെനാൾട്ടി ബ്രസീലിനെ രക്ഷിച്ചു. 90ആം മിനുട്ടിൽ റിച്ചാർലിസണാണ് ബ്രസീലിനായി പെനാൾട്ടി വലയിൽ എത്തിച്ചത്. ആ ഗോൾ ബ്രസീലിന്റെ വിജയം ഉറപ്പിക്കുകയായിരുന്നു. ബ്രസീലിന്റെ ഒമ്പതാം കോപ അമേരിക്ക കിരീടമാണിത്.