ഫിഫ വനിതാ ഫുട്‌ബോളിനെ അപമാനിക്കുന്നു, ഫിഫയെ രൂക്ഷമായി വിമർശിച്ച് മേഗൻ റപിനോ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വനിത ലോകകപ്പിന്റെ മുഖവും താരവും ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു. അത് രണ്ടു ദിവസം മുമ്പ് തന്റെ 34 പിറന്നാൾ ആഘോഷിച്ച 6 ഗോളുകളും 3 അസിസ്റ്റുകളുമായി സുവർണ പാതുകവും സുവർണ ബോളും നേടി അമേരിക്കയെ തുടർച്ചയായ രണ്ടാമത്തേതും മൊത്തം നാലാമത്തെയും ലോകകപ്പിൽ കീരീടം അണിയിച്ച ഫുട്‌ബോളിന്റെ ഒരേയൊരു റാണി മേഗൻ റപിനോ. എന്നും തന്റെ രാഷ്ട്രീയ നിലപാടുകൾ ഉറക്കെ പറഞ്ഞ ഒരിക്കലും ഒന്നിനെയും ഭയക്കാതെ മനസ്സിൽ ഉള്ളത് തുറന്ന് പറയാറുള്ള മേഗൻ ഇത്തവണ വീണ്ടും കടുത്ത വിമർശനവുമായി രംഗത്ത്. ലോകകപ്പിന് ഇടയിൽ ട്രമ്പിന്റെ വൈറ്റ് ഹൗസിനോട് ‘f**k off’ പറഞ്ഞു ശ്രദ്ധ നേടിയ റപിനോ ഇത്തവണ ഫിഫക്കെതിരെയാണ് തന്റെ രൂക്ഷ വിമർശനം നടത്തിയത്.

വനിത ലോകകപ്പ് ഫൈനലിന്റെ ദിവസം തന്നെ ഗോൾഡ്‌ കപ്പ്, കോപ്പ അമേരിക്ക ഫൈനലുകൾ വച്ച ഫിഫ വനിത ഫുട്‌ബോളിനോടുള്ള ബഹുമാനക്കുറവ് വ്യക്തമായി പ്രകടിപ്പിച്ചു എന്നു വിമർശിച്ച മേഗൻ ഫിഫ വനിത ഫുട്‌ബോളിനെ അപമാനിക്കുന്നതായും പറഞ്ഞു. എന്നാൽ ഒരു അമേരിക്കക്കാരി എന്ന നിലയിൽ തനിക്ക് സോഷ്യൽ മീഡിയയിലോ അമേരിക്കയിലോ പക്ഷെ ആരും ഗോൾഡ് കപ്പിനെ പറ്റി ചർച്ച ചെയ്യുന്നത് കണ്ടില്ല എന്നു പറഞ്ഞ മേഗൻ വനിത ഫുട്‌ബോളിന്റെ സ്വീകാര്യതയുടെ തെളിവാണ് ഇതെന്നും വ്യക്തമാക്കി. അതോടൊപ്പം ഫിഫയുടെ വേതനനയത്തിനെതിരെയും മേഗൻ വിമർശനം ഉന്നയിച്ചു. പുരുഷന്മാർക്ക് ലഭിക്കുന്നതിനെ അപേക്ഷിച്ച് വളരെ തുച്ഛമായ പ്രതിഫലമാണ് വനിത ടീമിന് ലഭിക്കാറുള്ളത്. ഈ നീതികേടിനെതിരെയും ഫിഫയുടെ ഇതിലുള്ള നിലപാടിനെയും മേഗൻ മത്സരശേഷം വിമർശിച്ചു.

അതേസമയം ലോകകപ്പ് നേടിയ അമേരിക്കൻ വനിത ടീമിന് അഭിന്ദനപ്രവാഹമാണ് സോഷ്യൽ മീഡിയയിൽ. മുൻ അമേരിക്കൻ പ്രസിഡന്റ് മാരായ ബരാക്ക് ഒബാമ, ബിൽ ക്ലിന്റൺ ഭാര്യ ഹിലാരി ക്ലിന്റൺ തുടങ്ങിയവരും പ്രമുഖ നടൻ ടോം ഹാങ്ക്‌സ്, ടിവി അവതാരിക എലൻ ഡീജറസ് തുടങ്ങി നിരവധി പ്രമുഖരാണ് വനിത ടീമിന് അഭിന്ദനങ്ങളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. എന്നാൽ വൈറ്റ് ഹൗസിലേക്ക് ഇല്ലെന്നു വ്യക്തമാക്കിയ മേഗൻ റപിനോ, അലക്‌സ് മോർഗൻ എന്നിവരുൾപ്പെട്ട ടീമിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമോ എന്നാണ് ഇനിയറിയേണ്ടത്.