കോപ അമേരിക്ക ഇന്ത്യയിൽ ടെലികാസ്റ്റ് ഇല്ല, ഫുട്ബോൾ ആരാധകർ വലയും

ലോക ഫുട്ബോളിലെ വലിയ ടൂർണമെന്റുകളിൽ ഒന്നായ കോപ അമേരിക്ക കാണാൻ ഇന്ത്യൻ ഫുട്ബോൾ ആരാധകർ കഷ്ടപ്പെടും. ടൂർണമെന്റ് ആരംഭിക്കാൻ രണ്ട് ദിവസം മാത്രം ശേഷിക്കുമ്പോഴും ഒരു ഇന്ത്യൻ സ്പോർട്സ് ചാനലും കോപ അമേരിക്കയുടെ ടെലിക്കാസ് റൈറ്റ് സ്വന്തമാക്കിയിട്ടില്ല. സോണി നെറ്റ്‌വർക്ക്, സ്റ്റാർ സ്പോർട്സ്, ഡി സ്പോർട്ട് എന്നിവരിക്കെ കോപ തങ്ങൾ ടെലിക്കാസ്റ്റ് ചെയ്യുന്നില്ല എന്ന് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള അർജന്റീനയും ബ്രസീലും ഉണ്ട് എന്നതാണ് കോപയുടെ ഏറ്റവും വലിയ ആകർഷണം. എന്നാൽ അതൊന്നും ചാനലുകാർക്ക് വിഷയമല്ല. ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നതിനാൽ വേറെ ഒരു മത്സരവും ആരും കാണില്ല എന്ന ധാരണയാണ് കോപ അമേരിക്ക ടെലിക്കസ്റ്റ് ചെയ്യാതിരിക്കാനുള്ള പ്രധാന കാരണം. എന്നാൽ കോപ അമേരിക്കയിലെ ഭൂരിഭാഗം മത്സരങ്ങളും പുലർച്ചെ ആണ് നടക്കുന്നത് എന്നതിനാൽ ക്രിക്കറ്റിനെ ബാധിക്കില്ല.

എന്ത് തന്നെ ആയാലും ഓൺലൈൻ സ്ട്രീമിംഗ് സൈറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികൾ ഉള്ളത്. ഇനി രണ്ട് ദിവസത്തിനകം അത്ഭുതങ്ങൾ നടന്നാലെ കോപ ടിവിയിൽ കാണാൻ സാധിക്കുകയുള്ളൂ.